‘സംഗതി ക്യൂട്ട് ആയിട്ടുണ്ട്…’ പിങ്ക് മദ്യ വിൽപ്പനശാല തരംഗമായി. ഡൽഹിയിലേക്ക് വണ്ടി കയറാൻ സമയമായെന്ന് വനിതകൾ

Current: മലയാളം

മദ്യ വിൽപ്പനശാലയിൽ ’പിങ്ക് കൗണ്ടറോ’? അതും ടെഡി ബെയറുകളും ഹലോ കിറ്റി സ്റ്റിക്കറുകളും പതിച്ചത് ! സ്ത്രീകൾക്കായി പ്രത്യേകം അലങ്കരിച്ച ഈ മദ്യ വിൽപ്പനശാല എവിടെയാണ്? സോഷ്യൽ മീഡിയയിൽ വൈറലായ മദ്യശാല, കേരളത്തിലോ, അയൽസംസ്ഥാനങ്ങളിലോ അല്ല, അങ്ങു ദൂരെ, രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് !
ഡൽഹിയിലെ വികാസ്പുരിയിലുള്ള ഗവൺമെന്റ് വൈൻ ആൻഡ് ബിയർ ഷോപ്പിലാണ് ഈ കൗതുകകരമായ കൗണ്ടർ. സ്ത്രീകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ, സുരക്ഷിതമായും സ്വതന്ത്രമായും മദ്യം വാങ്ങാൻ ഒരു പ്രത്യേക കൗണ്ടർ തന്നെ ഇവർ ഒരുക്കിയിരിക്കുന്നു.
സാധാരണ മദ്യശാലകളുടെ അന്തരീക്ഷത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ കൗണ്ടർ. പിങ്ക് നിറത്തിലുള്ള അലങ്കാരങ്ങളും, ഹലോ കിറ്റി സ്റ്റിക്കറുകളും, മനോഹരമായ ടെഡി ബെയറുകളും കൊണ്ട് അലങ്കരിച്ച ഇടം കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞു- “സംഗതി ക്യൂട്ട് ആയിട്ടുണ്ട്!’
ഇൻസ്റ്റഗ്രാമിൽ വീഡിയോ വൻതരംഗമായി മാറിയിരിക്കുകയാണ്. സ്ത്രീകൾക്ക് നീണ്ട ക്യൂവിൽ നിൽക്കാതെ എളുപ്പത്തിൽ കുപ്പി വാങ്ങാം.
“ഇതുപോലെയുള്ള മാറ്റങ്ങളാണ് വേണ്ടത്…’ എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. “ഡൽഹിയിലേക്ക് വണ്ടി കയറാൻ സമയമായി’ എന്നു തമാശയായി കുറിച്ചവരും ധാരാളം.
സ്ത്രീകൾക്ക് സുരക്ഷിതവും സുഖകരവുമായ അനുഭവം നൽകുക എന്നതാണ് ഈ ആശയത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. നഗരസൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ അനുഭവവേദ്യമാക്കുന്ന മികച്ചൊരു തുടക്കമായി ഇതിനെ ആളുകൾ കാണുന്നു. എന്നാൽ, ഒരു കാര്യം മറക്കണ്ട, മദ്യപാനം ആരോഗ്യത്തിനു ഹാനികരം.






