Skip to content
November 19, 2026
⌕

മന്ത്രിസഭയിൽ ഭിന്നതയില്ല, ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം. ഏറ്റവും ജൂനിയറായ മന്ത്രി വരെ മുഖത്ത് നോക്കി അഭിപ്രായം പറയുമെന്നും അത് താൻ ആസ്വദിക്കുന്നുവെന്നും മുഖ്യമന്ത്രി. ഗുരുവായൂർ ദേവസ്വം നിയമന വിവാദങ്ങൾ പച്ചക്കള്ളമെന്നും പ്രതികരണം

November 18, 2026
Share this post to

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനങ്ങൾ ഉയർത്തിയെന്ന വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്നും മന്ത്രിസഭയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭയിലെ ചർച്ചകൾ തർക്കങ്ങളല്ലെന്നും, പല വിഷയങ്ങളിലും വിശദമായ ചർച്ചയുണ്ടായതിനെ അഭിമാനത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 “ഇത് പിണറായി വിജയന്റേതുപോലെ വിധേയരുടെ മന്ത്രിസഭയല്ല. പോക്കറ്റിൽ നിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതേപടി അംഗീകരിക്കുന്ന രീതിയല്ല ഇവിടെ. ഇത് ടീം യു.ഡി.എഫാണ്. മന്ത്രിമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്,” വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.


മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേനയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അനിൽകുമാറിന് അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുന്നതാണ് തന്റെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 “ഏറ്റവും ജൂനിയറായിട്ടുള്ള ജനീഷ് വരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും; പറയണം. അപ്പോഴാണ് നല്ല നിർദേശങ്ങൾ വരിക. രാവിലെ തന്നെ ഇരുമ്പുലക്കയും പിടിച്ചുകൊണ്ട് വരേണ്ടതില്ല.

എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നത് ഞാൻ ആസ്വദിക്കും. ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഈ സംവിധാനം എന്നേ തകർന്നുപോയേനെ,” അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് ഒരു മണിക്കൂർ നീണ്ട വിശദമായ ചർച്ച നടന്നിരുന്നു. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയും തർക്കിക്കുകയും ചെയ്ത ശേഷം ബില്ലിൽ വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിച്ചു. എൽ.പി.എസ്.ടി (LPST) സമരത്തെക്കുറിച്ചും മന്ത്രിസഭയിൽ ചർച്ച നടന്നു.

സമരം ചെയ്യുന്നവരുടെ ആരോഗ്യത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും, അവരുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എൽ.ഡി.എഫ് സർക്കാരിലേതുപോലെ ഏകപക്ഷീയമായ നിലപാട് ഈ വിഷയത്തിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്നും തെറ്റായ കേന്ദ്രങ്ങൾ വഴിയാണ് ഇത്തരം വാർത്തകൾ വരുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ദേവസ്വത്തിലെ നിയമന ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) നിന്നല്ല, മറിച്ച് ദേവസ്വം വകുപ്പിൽ നിന്നാണ് വരുന്നത്. നിയമന ഫയലിൽ ഒപ്പിടേണ്ട എല്ലാ ഹിന്ദു മന്ത്രിമാരും മന്ത്രിസഭാ യോഗത്തിന് മുൻപ് തന്നെ ഒപ്പിട്ടിരുന്നു.

മന്ത്രിമാർ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് ഒപ്പിടാൻ അല്പം വൈകിയതെന്നും, ഇതുസംബന്ധിച്ച് യാതൊരു തർക്കവും ഉണ്ടായിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Get more updates from Pudukad News on Google