Skip to content
November 26, 2026
⌕

‘യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കും’; മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐയുടെ പരാതി

November 26, 2026
Share this post to

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി. പയ്യന്നൂരിലെ കൊലവിളി പരാമർശവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

നവംബർ 20ന് കണ്ണൂരിൽ നടന്ന പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനങ്ങൾ ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഒന്നും മറന്നിട്ടില്ലെന്നും ചോരയ്ക്ക് പകരം ചോദിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.


ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


അതേസമയം, മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ സിപിഎം നേതാവ് കെ.കെ. രാഗേഷും നേരത്തെ രംഗത്തെത്തിയിരുന്നു. ടി.ഐ. മധുസൂദനൻ മുഖ്യമന്ത്രിയോ എംഎൽഎയോ അല്ലെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ മാത്രം ഒറ്റതിരിച്ച് ചർച്ച ചെയ്യുന്നതിൽ അർഥമില്ലെന്നുമായിരുന്നു രാഗേഷിന്റെ പ്രതികരണം.

മുഖ്യമന്ത്രി നടത്തിയ ചോരയ്ക്ക് ചോര എന്ന പരാമർശമാണ് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ടതെന്നും രാഗേഷ് പറഞ്ഞു. ‘ചോരയ്ക്ക് ചോര’ എന്നത് കടുത്ത പദപ്രയോഗമാണ്. അതിനേക്കാൾ വലിയ പ്രയോഗമല്ല ‘പകരത്തിന് പകരം’ എന്നത്. മുഖ്യമന്ത്രിയേക്കാൾ വലിയ ആളല്ല മധുസൂദനനെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google