Skip to content
November 27, 2026
⌕

സെക്സ് വർക്കറായ യുവതിയുടെ ദേഹത്ത് കെട്ടിവെച്ച 17000 യൂറോ എയർപോർട്ടിൽ കണ്ടുകെട്ടി കസ്റ്റംസ് ; കോടതി തിരികെ നൽകി

November 27, 2026
Share this post to

ഡബ്ലിൻ എയർപോർട്ടിൽ യാത്രയ്ക്കിടെ ശരീരത്തിൽ കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ഏകദേശം 17,000 യൂറോ കസ്റ്റംസ് പിടിച്ചെടുത്ത സംഭവത്തിൽ, പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ലൈംഗിക തൊഴിലിലൂടെ സമ്പാദിച്ചതാണെന്ന് യുവതി അവകാശപ്പെട്ട പണം കുറ്റകൃത്യത്തിലൂടെ ലഭിച്ചതാണെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

2024 മേയ് 6-ന് ഡബ്ലിനിൽ നിന്ന് ജർമനിയിലെ ഡ്യൂസൽഡോർഫിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നതിനിടെയാണ് ബ്രസീൽ സ്വദേശിയായ യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധനയിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ വിവിധ കറൻസികളിലായി പണം കണ്ടെത്തുകയായിരുന്നു. ഏകദേശം 17,825 യൂറോ മൂല്യമുള്ള പണമാണ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും പ്രതിമാസം 5,000 മുതൽ 6,000 യൂറോ വരെ വരുമാനമുണ്ടെന്നും യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ ഹാജരാക്കിയ വിശദീകരണത്തിൽ ലൈംഗിക തൊഴിലിലൂടെ ലഭിച്ച വരുമാനമാണ് പിടിച്ചെടുത്ത പണമെന്നായിരുന്നു യുവതിയുടെ വാദം.

പണം കുറ്റകൃത്യത്തിലൂടെ ലഭിച്ചതാണെന്ന സംശയത്തെ തുടർന്നാണ് Revenue അധികൃതർ അത് കണ്ടുകെട്ടാൻ കോടതിയെ സമീപിച്ചത്. എന്നാൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന വ്യക്തി അയർലൻഡിൽ കുറ്റക്കാരനല്ലെന്നും, പണം സമ്പാദിച്ച രീതിയുടെ അടിസ്ഥാനത്തിൽ അത് സ്വമേധയാ കുറ്റകൃത്യത്തിന്റെ വരുമാനമായി കണക്കാക്കാനാകില്ലെന്നും കോടതിയിൽ വാദമുയർന്നു.തുടർന്ന് ജഡ്ജി പണം കണ്ടുകെട്ടാനുള്ള Revenue-യുടെ അപേക്ഷ നിരസിക്കുകയും യുവതിക്ക് പണം തിരികെ ലഭിക്കാനുള്ള അവകാശം അംഗീകരിക്കുകയും ചെയ്തു.

അയർലൻഡിലെ ലൈംഗിക തൊഴിൽ സംബന്ധിച്ച നിയമത്തിലെ വ്യത്യാസങ്ങൾ വീണ്ടും ചർച്ചയാകുന്നതാണ് ഈ കോടതി വിധി. ലൈംഗിക സേവനം വാങ്ങുന്നത് നിയമവിരുദ്ധമാണെങ്കിലും, ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന വ്യക്തിയെ കുറ്റവാളിയായി കണക്കാക്കുന്നില്ല എന്ന നിയമപരമായ നിലപാടാണ് കേസിൽ നിർണായകമായത്.

Get more updates from Pudukad News on Google