കോണത്തുകുന്ന് സ്വദേശിയിൽ നിന്നും കോടികൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85 കാരനിൽ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘാംഗം തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടിൽ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട് നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 7,99,000/- രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കെ റഫീഖ് ഡി വൈ എസ് പി ജില്ലാ ക്രൈം ബ്രാഞ്ച് തൃശ്ശൂർ റൂറൽ, സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ കെ വി ജസ്റ്റിൻ, പി എസ് സുജിത്ത്, സി പി ഒ മാരായ ടി പി ശ്രീനാഥ്, ശബരിനാഥ്, അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




