ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള ഫണ്ടിനായി ശുചിത്വമിഷനെ സമീപിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും എഫ്ലുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റും സ്‌ഥാപിക്കാനുള്ള ഫണ്ടിനായി ശുചിത്വ മിഷനെ സമീപിക്കാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. രണ്ട് കോടിയോളം രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിൻ്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. നാല് മെഷീനുകളും എത്തിച്ചേർന്നതായും ഒരാഴ്ച മുപ്പത് പേർക്ക് ഡയാലിസിസ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനത്തിന് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങിക്കുവാൻ 45 ലക്ഷം രൂപ ചിലവഴിക്കാനും യോഗം തീരുമാനിച്ചു. തൃശ്ശൂർ റോഡിൽ പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ മതിലിൻ്റെയും ഗേറ്റിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. പുതിയ ഗേറ്റ് മുതൽ ഒപി വരെ ടൈലുകൾ വിരിക്കാൻ 20 ലക്ഷം രൂപ ചിലവഴിക്കാനും യോഗം തീരുമാനിച്ചു. കാസ്പ് , വികസന സമിതി എന്നിവയിൽ നിന്നുള്ള ഫണ്ട് ചിലവഴിച്ച് പുതിയ രജിസ്ട്രേഷൻ കൗണ്ടർ നിർമ്മിക്കാനും യോഗം തീരുമാനിച്ചു. 35 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഉദ്ഘാടനം കഴിഞ്ഞ പുതിയ ബ്ലോക്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ രണ്ട് കോടി രൂപ ചിലവഴിച്ച് കഴിഞ്ഞിട്ടുണ്ട്. കാഷ്യാലിറ്റി, എക്സ്റേ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി എന്നിവ ഒന്നാം നിലയിൽ സജ്ജീകരിച്ച് കഴിഞ്ഞു. രണ്ടാമത്തെ നിലയിൽ ഓപ്പറേഷൻ തീയേറ്ററുകളും മൂന്നാം നിലയിൽ ഐസിയുവിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഐഒസി യിൽ നിന്നുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നാലാമത്തെ നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളും നടന്ന് വരികയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ഒൻപത് മുറികളോട് കൂടിയ ഡോർമിറ്ററി സജ്ജീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കായകല്പ ഫണ്ട് ചിലവഴിച്ച് ഡോക്ടർമാർക്കായി സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാനും പദ്ധതിയുണ്ട്. വൈദ്യുതി ചിലവുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ സോളാർ പവർ പ്ലാൻ്റ് സ്ഥാപിക്കാനുള്ള സാധ്യതകളും യോഗം ചർച്ച ചെയ്തു. യോഗത്തിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു . വൈസ് ചെയർ പേഴ്സൺ ചിന്ത ധർമ്മരാജൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വിവിധ കക്ഷി നേതാക്കൾ, വകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ എം ജി ശിവദാസ് സ്വാഗതം പറഞ്ഞു.



