PUDUKAD-NEWS-PUTHUKAD-NEWS

ഠാണാ ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും

ഠാണാ – ചന്തക്കുന്ന് വികസനം; ഠാണാ ജംഗ്ഷനിലെ റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ അടുത്ത ആഴ്ച ആരംഭിക്കും; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ എൺപത്തിയഞ്ച് ശതമാനം പൂർത്തിയായതായും കെഎസ്ടിപി അധികൃതർ

ഇരിങ്ങാലക്കുട: ഠാണാ, ചന്തക്കുന്ന് വികസന പദ്ധതിയുടെ ഭാഗമായി ഠാണാ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് പകരം റൗണ്ട് എബൗട്ട് സംവിധാനം സ്ഥാപിക്കാൻ തീരുമാനം. മണ്ഡലത്തിൽ നടന്നു വരുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്താൻ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ വിളിച്ച് ചേർത്ത യോഗത്തിലാണ് കെഎസ്ടിപി ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസ്സുകളുടെ അമിത വേഗത നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സിഗ്നൽ സമ്പ്രദായമായിരിക്കും കൂടുതൽ അനുയോജ്യമെന്ന് യോഗത്തിൽ പങ്കെടുത്ത നഗരസഭ ചെയർമാൻ എം പി ജാക്‌സൻ സൂചിപ്പിച്ചു. സിഗ്നൽ സമ്പ്രദായം പദ്ധതിയിൽ ഇല്ലെന്നും റൗണ്ട് എബൗട്ട് സംവിധാനത്തിൻ്റെ ട്രയൽ നടത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും തുടർന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അടുത്ത ആഴ്ച തന്നെ ട്രയൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. എത് സംവിധാനമായാലും സീറോ ആക്സിഡൻ്റ് സോൺ ആയി മേഖലയെ മാറ്റാൻ കഴിയേണ്ടതുണ്ടെന്ന് എംഎൽഎ വ്യക്തമാക്കി .

റോഡിനോട് അനുബന്ധിച്ചുള്ള ഡ്രെയിനേജ് സംവിധാനങ്ങൾക്ക് മുൻഗണന നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നിർമ്മാണം പൂർത്തിയായ റോഡ് ഉയർന്നിരിക്കുന്ന അവസ്ഥയിൽ വെള്ളം വീടുകളിലേക്ക് ഒഴുകുന്ന അവസ്ഥയാണെന്നും മാസ്റ്റർ പ്ലാൻ ഇല്ലാത്തതാണ് പദ്ധതിയുടെ പ്രശ്നമെന്നും നഗരസഭ ചെയർമാൻ വിമർശിച്ചു. ആസൂത്രണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പൈപ്പുകൾ പൊട്ടി നഗരസഭ പരിധിയിൽ കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യം തുടരുകയാണെന്നും ചെയർമാൻ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ കെഎസ്ടിപി യും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധനകൾ നടത്തി പരാതികൾ ഒഴിവാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു .

റോഡിനോടനുബന്ധിച്ചുള്ള വെയ്റ്റിംഗ് ഷെഡ്ഡുകളുടെ നിർമ്മാണം പതിനഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നും ഡൽഹിയിൽ നിന്നും നിർമ്മാണ സാമഗ്രികൾ എത്താത്തതാണ് പ്രശ്നമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർ ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചു. 19 ഷെഡ്ഡുകളാണ് നിർമ്മാണത്തിലുള്ളത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ കെഎസ്ടിപി യുടെ നിർമ്മാണ പ്രവ്യത്തികൾ 85 ശതമാനത്തോളം പൂർത്തിയായതായും ഠാണാ ജംഗ്ഷനിലെ പുതിയ സംവിധാനത്തിൻ്റെയും നടവരമ്പിൽ കൽവർട്ടിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് പൂർത്തിയാക്കാനുള്ളതെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചു.

See also  വെങ്ങിണിശ്ശേരിയിലെ അഡാപ്റ്റ് സൊസൈറ്റിയിൽ വിജയോത്സവം സംഘടിപ്പിച്ചു

ബൈപ്പാസ് റോഡിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടില്ലെന്നും വെള്ളക്കെട്ട് കൂടുതലുള്ള ഭാഗങ്ങളിൽ ടൈലുകൾ വിരിച്ച് ബാക്കി ഭാഗത്ത് ബി എംബിസി പ്രവൃത്തി ചെയ്യുന്നത് അനുയോജ്യമാകുമെന്നും കരാറുകാരൻ ബിജോയ് അറിയിച്ചു.

കെ എസ് ടി പി എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്നാ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം.മനോജ്, സൂപ്പർവൈസറി കൺസൾട്ടൻസ് ലീഡർ സുബ്രമണ്യം, എൻജിനീയർ സൂപ്പർവൈസറി കൺസൾട്ടൻസ് ചണ്ണയ്യ, ലെയ്‌സൺ ഓഫീസർ സന്തോഷ്, സേഫ്റ്റി ഓഫിസർ റിൻസ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി ആർ റാബിയ, അസിസ്റ്റന്റ് എൻജിനീയർ എം.എഫ്.ബിനീഷ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത ഭായ് എന്നിവരും സന്നിഹിതരായിരുന്നു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top