ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലെന്ന് റവന്യൂ അധികൃതർ; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഠാണാവിൽ സബ് ജയിൽ നില നിന്നിരുന്ന സ്ഥലം ജയിൽ വകുപ്പിൻ്റെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിഷയം ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ. സബ് ജയിൽ നില നിന്നിരുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വന്ന ചർച്ചയിലാണ് റവന്യൂ അധികൃതർ ഇക്കാര്യം അറിയിച്ചത് . എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിച്ച് കൊണ്ടുള്ള അന്തിമ ഗസറ്റ് വിജ്ഞാനം വന്ന് കഴിഞ്ഞതായും സർവേ നമ്പർ അടിസ്ഥാനത്തിലുള്ള പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ യോഗത്തിൽ വ്യക്തമാക്കി.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് യോഗത്തിൽ ചാലക്കുടി എം പി യുടെ പ്രതിനിധി എ ചന്ദ്രൻ ആവശ്യപ്പെട്ടു. മരം വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷൺമുഖം കനാലിലെ ചണ്ടികൾ നീക്കം ചെയ്യണമെന്നും കോന്തിപുലത്തെ താത്കാലിക തടയണയെ തുടർന്ന് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുന്ന സാഹചര്യം ഉണ്ടെന്നും ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പിള്ളി യോഗത്തിൻ്റെ ശ്രദ്ധയിൽ പെടുത്തി. കാറളം മേഖലയിൽ കെഎൽഡിസി കനാലിലെ ചണ്ടികൾ നീക്കാനും അടിയന്തര നടപടികൾ വേണമെന്നും കാലവർഷക്കാലത്ത് മണ്ഡലത്തിൽ ആദ്യം വെള്ളക്കെട്ടിൽ ആകുന്നത് കാറളം പഞ്ചായത്തിലെ പ്രദേശങ്ങളാണെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ സുധീഷ് പറഞ്ഞു . ചണ്ടികൾ നീക്കുന്ന പ്രവൃത്തി നടന്ന് വരികയാണെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.
കാറളം പഞ്ചായത്തിൽ മുടങ്ങി കിടക്കുന്ന ഫ്ലാറ്റ് നിർമ്മാണ പദ്ധതി വീണ്ടും ചർച്ചയിൽ ഉയർന്നു . ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് കേന്ദ്ര മന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ടയും മാസങ്ങളായി ചർച്ച ചെയ്യുന്ന വിഷയമാണെന്ന് കോൺഗ്രസ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളിയും ചൂണ്ടിക്കാട്ടി. കാറളം പഞ്ചായത്ത് പദ്ധതിക്കായി ഭൂമി വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ലൈഫ് മിഷൻ്റെ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റിയാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും ടി കെ സുധീഷ് അറിയിച്ചു.
കെഎസ് ആർടിസി ഉൾപ്പെടെയുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയ്ക്ക് വന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിന് എത്തിയിരുന്നില്ല.
യോഗത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഭാഗ്യവതി ചന്ദ്രൻ , വിജയലക്ഷ്മി, റോസിലി പൗലോസ്, പി എസ് മനു, കെ എസ് തമ്പി , രതി ബാബു , രാഷ്‌ട്രീയ കക്ഷി പ്രതിനിധികളായ , സി യു പ്രിയൻ, കെ സി കാർത്തികേയൻ , റോക്കി ആളൂക്കാരൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു . യോഗത്തിന് തഹസിൽദാർ മുരളി മോഹൻ സ്വാഗതം പറഞ്ഞു .



