എസ്.ഐ. ആറിനെതിരായ സമരം ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം : പി.സി. ഉണ്ണിച്ചെക്കൻ
ഇരിങ്ങാലക്കുട : 13.37 കോടി വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയ നടപടി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മരണ വാറൻ്റാണെന്നും പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും സിപിഐ എം.എൽ. നേതാവ് പി.സി. ഉണ്ണിച്ചെക്കൻ പ്രസ്താവിച്ചു.
കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷനിൽ നടന്ന ജന്തർ മന്ദർ ഐക്യദാർഢ്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ഷൻ റൂൾസും അനുസരിച്ച് സുതാര്യമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുകയാണ് കമ്മീഷൻ്റെ ഉത്തരവാദിത്വം. മരവിച്ച പൗരത്വനിയമം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുള്ള മോദി സർക്കാരിൻ്റെ കുതന്ത്രമാണ്
എസ്.ഐ.ആർ. എന്നും രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും ജനാധിപത്യവും വീണ്ടെടുക്കാൻ ജനാധിപത്യ മതേതര ശക്തികളുടെ കരുത്തുറ്റ കൂട്ടായ്മ വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഉണ്ണിച്ചെക്കൻ കൂട്ടിച്ചേർത്തു.
ആളൂർ പഞ്ചായത്ത് ജന്തർ മന്ദർ ഐക്യദാർഢ്യ സമിതിയു ടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. ഷണ്മുഖൻ അധ്യക്ഷനായി.
മുതിർന്ന സിപിഎം നേതാവ് എം.എസ്. മൊയ്തീൻ, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡൻ്റ് ബാബു തോമസ്, സിപിഐ ലോക്കൽ സെക്രട്ടറി ടി.സി. അർജ്ജുനൻ, സിപിഎം ലോക്കൽ സെക്രട്ടറി എം.സി. സന്ദീപ്, ജനറൽ കൺവീനർ പി.കെ. കിട്ടൻ, കൺവീനർമാരായ ടി.വി. മഹേഷ്, എം.കെ. മോഹൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പി.ആർ. രേവതിയുടെ നാടൻപാട്ട് അവതരണം അരങ്ങേറി.






