ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; പുനരുജ്ജീവന പദ്ധതിക്ക് തടസ്സമായി ആർബിഐ യുടെ പുതിയ സർക്കുലർ ; പുതിയ സംഭവവികാസങ്ങളിൽ ആശങ്കയിലായി മാനേജർമാരും ജീവനക്കാരും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൻ്റെ പുനരുജ്ജീവന പദ്ധതിക്ക് തടസ്സമായി ആർബിഐ യുടെ പുതിയ സർക്കുലർ. അർബൻ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾക്ക് കരുതൽ വയ്ക്കണമെന്ന ആർബിഐ യുടെ പുതിയ നിബന്ധനയാണ് , ബാങ്കിൽ നിക്ഷേപങ്ങൾ ഉള്ള സൊസൈറ്റികളുടെ നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം കടപ്പത്രങ്ങളാക്കി മാറ്റി മൂലധനം കണ്ടെത്തി ടൗൺ ബാങ്കിൻ്റെ തിരിച്ച് വരവിന് വഴിയൊരുക്കാമെന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പദ്ധതിക്ക് വെല്ലുവിളിയായി മാറുന്നത്. ബാങ്കിൻ്റെ നിഷ്ക്രിയ ആസ്തികൾ വിറ്റഴിച്ച് ഫണ്ട് കണ്ടെത്തുന്നതോടൊപ്പം രാജ്യത്തെ പ്രമുഖ അർബൻ ബാങ്കുകളുമായി ലയിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ആദ്യ ഘട്ടത്തിൽ നിക്ഷേപരോട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കിയിരുന്നത്. ഇതോടൊപ്പം സൊസൈറ്റികളുടെ നിക്ഷേപകങ്ങൾ കടപ്പത്രങ്ങളാക്കി മാറ്റി മൂലധനം കണ്ടെത്തുന്ന പദ്ധതിയുടെ ഭാഗമായി വിവിധ സൊസൈറ്റികളുടെ ഭാരവാഹികളുമായി രണ്ട് തവണ ചർച്ചയും പൂർത്തിയാക്കിയിരുന്നു. എന്നാൽ പുതിയ സർക്കുലർ വന്നതോടെ 354 കോടിയ്ക്കുള്ള കരുതൽ കണ്ടെത്തി വരുമെന്നും ഇത് ദുഷ്ക്കരമാണെന്നും സംസ്ഥാന സർക്കാരിൻ്റെ പിന്തുണയോടെ ടൗൺ ബാങ്കിനെ പഴയ രൂപത്തിൽ സൊസൈറ്റി ആക്കുന്നതാണ് നിക്ഷേപകർക്ക് ഗുണകരമാകുകയെന്നും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കമ്മിറ്റി സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ നീക്കത്തോട് നിക്ഷേപകരുടെ സംഘടന താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല. എറ്റെടുക്കാൻ മറ്റ് അർബൻ ബാങ്കുകൾ സ്വയമേവ തയ്യാറായില്ലെങ്കിൽ നിർബന്ധിത ലയനത്തിന് ആർബിഐ നിർദ്ദേശം നൽകേണ്ടി വരുമെന്നും ഇതിന് രാഷ്ടീയ തലത്തിൽ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനിടയിൽ ഫൊറൻസിക് ഓഡിറ്റിൻ്റെ അടിസ്ഥാനത്തിൽ നടപടികൾ ആരംഭിച്ചതോടെ വിവിധ ബ്രാഞ്ചുകളിൽ മാനേജർ പദവികൾ കയ്യാളിയവരും പഴയ ഭരണസമിതി അംഗങ്ങളും ആശങ്കയിലാണ്. സൊസൈറ്റി ആക്കിയാൽ തിരിച്ച് വരാമെന്നും നടപടികളിൽ നിന്നും രക്ഷപ്പെടാമെന്ന ചിന്തയാണ് ഇവർക്കുള്ളത്. ശമ്പളം വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്ക ജീവനക്കാരിലുമുണ്ട്. അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ആവശ്യവും ഉന്നയിച്ചിട്ടുള്ളതായിട്ടാണ് സൂചന.




