PUDUKAD-NEWS-PUTHUKAD-NEWS

കാണാതായ കുട്ടിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി : മൂന്നാം കണ്ണിൽ തെളിഞ്ഞു, ഷബീബ് തിരിച്ചറിഞ്ഞു.

തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ് മെൻറ് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷബീബ് കഴിഞ്ഞദിവസം മുണ്ടുപാലം ജംഗ്ഷനിലെ ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു. വൈകീട്ട് ആറുമണിയോടെ വയർലസ് സെറ്റിൽ ഒരു സന്ദേശം എത്തി. സിറ്റിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന 11 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ കാണാനില്ല. എത്രയും പെട്ടന്ന് ഡ്യൂട്ടി പോയൻറിലുള്ളവർ അലർട്ട് ആകുക.
ഇത് കേട്ട ഉടനെ ട്രാഫിക് പോയ്ൻറിലെ എല്ലാ ഡ്യൂട്ടിക്കാരും അലർട്ട് ആവുകയും ചെയ്തു. തൃശൂർ സിറ്റിയുടെ മൂന്നാം കണ്ണ് എന്നു വിശേഷിപ്പിക്കുന്ന ക്യാമറ കൺട്രോൾ റൂമിൽ സിവിൽ പോലീസ് ഓഫീസർമാരായ എം. ആർ റെനീഷ് സി.വി സാംസൺ എന്നിവർ ഏറെ ശ്രദ്ധയോടെ സ്ക്രീനിലെ വിഷ്വൽ പരതാൻ തുടങ്ങി. നേരം ഇരുട്ടി തുടങ്ങിയതിനാൽ രണ്ടുപേരും വളരെ ശ്രദ്ധിച്ചാണ് ദൃശ്യങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്.
അല്പ സമയത്തിനു ശേഷം യൂണിഫോമിൽ ഒരു കുട്ടി ഫുട്പാത്തിലെ തിരക്കിനിടയിലൂടെ മുണ്ടുപാലം ഭാഗത്തേക്ക് പോകുന്നത് അവരുടെ ശ്രദ്ധയിൽപെട്ടു. ഉടൻതന്നെ വിവരം കൺട്രോൾ റൂമിലേക്ക് വിളിച്ച് അറിയിച്ചു. കൺട്രോൾ റൂം ഈ വിവരം വയർലസ്സ് സെറ്റിലൂടെ അറിയിച്ചു.
കുട്ടി മുണ്ടുപാലം ഭാഗത്തേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ മുണ്ടുപാലം ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷബീബ് അയച്ചുകിട്ടിയ ഫോട്ടോ നോക്കി ട്രാഫിക് നിയന്ത്രണത്തിനിടയിൽ ചുറ്റുപാടും നിരീക്ഷിക്കാൻ തുടങ്ങി. നേരം ഇരുട്ടിയതിനാൽ റോഡരികിലെ ഫുട്പാത്തിൽ കൂടുതൽ വെളിച്ചമുള്ള സ്ഥലത്തേക്ക് ശ്രദ്ധിക്കാനും തുടങ്ങി.
അപ്പോഴാണ് ഒരാളുടെ പിന്നിൽ സ്കൂൾ യൂണിഫോമിൽ ഒരു കുട്ടി പോകുന്നത് ശ്രദ്ധയിൽപെട്ടത്. കുട്ടി അദ്ദേഹത്തിനോട് ചേർന്നു നടന്നതിനാൽ അയാളുടെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു കുട്ടി നടന്നിരുന്നത്. ഷബീബ് അടുത്തെത്തി വെളിച്ചത്തിൽ ശ്രദ്ധിച്ചുനോക്കിയപ്പോൾ അയച്ചുകിട്ടിയ ഫോട്ടയിലെ അതേ കുട്ടിയാണെന്ന് ഉറപ്പുവരുത്തി കുട്ടിയോട് സംസാരിച്ചു. കുട്ടി ട്യൂഷൻ ക്ളാസിൽ നിന്നും ഇറങ്ങിയതാണെന്നും എവിടേക്ക് പോകേണ്ടതെന്ന് അറിയില്ലെന്നും. വീട്ടിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ് തേങ്ങി കരയാൻ തുടങ്ങി.
ഷബീബ് വിവരം കൺട്രോൾ റൂമിൽ അറിയിച്ചു ഉടൻതന്നെ വനിതാ സെല്ലിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിന്ധുവും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ. എം.ജെ ജിജോയും പിങ്ക് പോലീസ് പട്രോളിങ്ങിലെ പോലീസ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി കുട്ടിയെ വനിത പോലീസ് സ്റ്റേഷഷനിൽ എത്തിക്കുകയും ചെയ്തു. വിവരം അറിഞ്ഞ രക്ഷിതാക്കൾ വനിതാ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
ഇതിനിടയിൽ കുട്ടിയുടെ കൊച്ചു കൊച്ചു വിഷമങ്ങൾ കേട്ടറിഞ്ഞ പോലീസുദ്യോഗസ്ഥർ കുട്ടിയെ ആശ്വസിപ്പിക്കുകയും രക്ഷിതാക്കളോടു സംസാരിച്ച് പോലീസിൻെറ കീഴിലുള്ള കൌൺസിലിങ്ങ് ലഭിക്കുന്നതിനുള്ള സംവിധാനത്തെകുറിച്ച് പറഞ്ഞു മനസ്സിലാക്കികൊടുക്കുകയും ചെയ്തു. അടുത്തദിവസം തന്നെ കൌൺസിലിങ്ങിനായി എത്തിചേരാം എന്ന് ഉറപ്പുനൽകിയാണ്. കുട്ടിയും രക്ഷിതാക്കളും സ്റ്റേഷനിൽ നിന്നും യാത്രയായത്.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top