തൃശ്ശൂർ : നാർകോട്ടിക് സെൽ സബ് ഇൻസ്പെക്ടറും എസ്. പി. സി അസിസ്റ്റൻറ് ജില്ലാ നോഡൽ ഓഫീസറുമായ ജ്യോതിസ് തോമസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, വിഷ്ണു എന്നിവരാണ് വിഷുദിനത്തിൽ കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വയർലസ് സെറ്റിലേക്ക് ഒരു ഇവൻറ് വന്നു. തൃശൂരിലെ ഒരു ലോഡ്ജിൽ ഒരു ജീവത്യാഗത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. കുന്നംകുളം പോലീസ് സ്റ്റേഷൻപരിധിയിൽ നിന്നും കാണാതായ ആളാണ്. ഉടനെ അങ്ങോട്ട് എത്തണം. സൈബർ സെൽ മുഖേന ലഭിച്ച ലൊക്കേഷൻ മനസ്സിലാക്കി സബ് ഇൻസ്പെക്ടറും സംഘവും ലൊക്കേഷനിലെ പല ലോഡ്ജുകളും കയറിയിറങ്ങി
സഹായത്തിന് പിങ്ക് പോലീസ് വാഹനത്തിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ കല, സിന്ധു എന്നിവരും ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷീബു സിവിൽ പോലീസ് ഓഫീസർ ഇസഹാക് എന്നിവരും ഉണ്ടായിരുന്നു. തെരച്ചിലിനൊടുവിൽ ഒരു ലോഡ്ജിലെ മുറി ചവിട്ടിതുറന്നപ്പോൾ വിഷദ്രാവകം കഴിച്ച് തറയിൽ കിടന്നിരുന്ന നിലയിൽ ആളെ കണ്ടെത്തുകയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടിയെന്ന് ഡോക്ടർ അറിയിച്ചു.
ഒരു ജീവൻ രക്ഷിച്ച സന്തോഷത്തിൽ സബ് ഇൻസ്പെക്ടറും മറ്റു രണ്ടുപേരും ആശുപത്രിയിൽ നിന്നും മടങ്ങി ഡ്യൂട്ടിതുടരുന്നതിനിടയിലാണ് വൈകീട്ട് നാലുമണിയോടുകൂടി, മറ്റൊരു സന്ദേശം ലഭിച്ചത്. ബിനിക്കു സമീപം ചിൽഡ്രൻസ് പാർക്കിനു മുൻവശത്തായി ഫുട്പാത്തിൽ ഒരാൾ വീണുകിടക്കുന്നുണ്ട് എത്രയും വേഗം അവിടേക്ക് എത്തിചേരണം. മെസേജ് ലഭിച്ച ഉടൻതന്നെ അവിടെ എത്തിയപ്പോൾ ഫുട്പാത്തിൽ ഒരാൾ വീണുകിടക്കുന്നുണ്ടായിരുന്നു. മദ്യപിച്ച് ലക്കുകെട്ടതാണ് സാറേ… പോലീസ് ഉദ്യോഗസ്ഥരോട് കൂടിനിൽക്കുന്നവർ പറഞ്ഞു.
സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസിന് ആൾ മദ്യപിച്ചതായി തോന്നിയില്ല. അയാളെ തട്ടിഉണർത്തിയപ്പോൾ അയാൾ നെഞ്ച് പൊത്തിപിടിച്ച് പതുക്കെ കണ്ണുതുറന്നു. ഇതിനിടയിൽ ആൾ കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻതന്നെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ആൾ രക്ഷപെടുകയും ചെയ്തു.
ജില്ലാ ആശുപത്രിയിൽ നിന്നും മടങ്ങി ഡ്യൂട്ടിതുടരുന്നതിനിടയിൽ അഞ്ചുമണിയോടെയാണ് വീണ്ടും ഒരു വയർലസ് സന്ദേശം വന്നത് നായ്ക്കനാൽ പരിസരത്ത് ഒരാൾ കുഴഞ്ഞുവീണിട്ടുണ്ട് എത്രയും പെട്ടന്ന് അങ്ങോട്ട് എത്തിചേരണം. ഉടൻതന്നെ സ്ഥലത്തെത്തിയപ്പോൾ കണ്ടത് കസേരയിൽ കുഴഞ്ഞിരിക്കുന്ന 65 ഓളം പ്രായമുള്ള ഒരാളെ കുറച്ചുപേർ താങ്ങിയിരിക്കുന്നതാണ്.
ആംബുലൻസിനെ കാത്തുനിന്നാൽ സംഭവം ഗുരതരമാകും എന്നുമനസ്സിലാക്കിയ സബ് ഇൻസ്പെക്ടർ ഉടൻതന്നെ കൺട്രോൾ റൂം വാഹനത്തിൽ കയറ്റി തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാരനുമായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പരിശോധിച്ച് മരണം സംഭവിച്ചു എന്നാണ് അറിയിച്ചത്. ഏറെ വിഷമത്തോടെയാണ് അവിടെനിന്നും മടങ്ങിയത്.
ജ്യോതിസ് തോമസ് ഓഫീറായിരുന്ന കൺട്രോൾ റൂം വാഹനം ഇതിനിടയിൽ പല വാഹനാപകടസ്ഥലങ്ങളിലും ഓടിയെത്തുകയും ചെയ്തിരുന്നു. വിഷുദിനത്തിൽ വിശ്രമമില്ലാത്ത പരിശ്രമങ്ങളായിരുന്നെങ്കിലും രണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൻെറ സംതൃപ്തിയിലായിരുന്നു അവർ.


