നെല്ല് നല്‍കിയ കര്‍ഷകരോട്, 85 കോടി കടം പറഞ്ഞ് സപ്‌ളൈകോ !

നെല്ല് നല്‍കിയ കര്‍ഷകരോട്, 85 കോടി കടം പറഞ്ഞ് സപ്‌ളൈകോ !

കാർഷികോത്സവമായ വിഷു പിന്നിട്ടിട്ടും സംഭരിച്ച നെല്ലിന്റെ വില നല്‍കാതെ സപ്ലൈകോ പതിനായിരത്തോളം പേരെ പ്രതിസന്ധിയിലാക്കി.

രണ്ടാം വിളവെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും 85.97 കോടിയാണ് ലഭിക്കാനുള്ളത്. സർക്കാർ അലോട്ട്‌മെന്റ് തീർന്നതോടെ ബാങ്കുകള്‍ പണം നല്‍കുന്നത് നിറുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സർക്കാർ അലോട്ട്‌മെന്റ് അനുസരിച്ച്‌ ബാങ്കുകള്‍ പി.ആർ.എസ് നല്‍കിയവർക്ക് പണം നല്‍കാറുണ്ട്. ജില്ലയില്‍ എസ്.ബി.ഐ, കാനറ ബാങ്കുകളാണ് സർക്കാരുമായി കരാറിലുള്ളത്. മാർച്ച്‌ 18ന് ശേഷം നെല്ല് നല്‍കിയ കർഷകർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. കാനറ ബാങ്കുമായി വീണ്ടും കരാറില്‍ ഏർപ്പെടാനാണ് നീക്കമെങ്കിലും തുക എന്ന് നല്‍കാൻ കഴിയുമെന്ന് ഒരുറപ്പും നല്‍കാനാകുന്നില്ല. ഇതോടെ അദ്ധ്വാനിച്ചുണ്ടാക്കിയ നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയിട്ടും പണം ലഭിക്കാതെ നട്ടം തിരിയുകയാണ് കർഷകർ. പുതിയ സർക്കാർ വന്ന ശേഷമേ നടപടിക്ക് സാദ്ധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.

സംഭരിച്ചത് 6.702 ലക്ഷം മെട്രിക് ടണ്‍

രണ്ടാം വിളയില്‍ കർഷകരില്‍ നിന്ന് 6,70,225 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇതിലാണ് 9,368 കർഷകർക്ക് തുക ലഭിക്കാനുള്ളത്. പലയിടങ്ങളിലും കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകളോളം നെല്ല് പാടത്ത് കൂട്ടിയിട്ട ശേഷമാണ് സ്വകാര്യമില്ലുടമകള്‍ നെല്ല് സംഭരിച്ചത്. നെല്ലിലെ ജലാംശം ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ സംഭരണവിലയില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും. പലരും വേനല്‍മഴയുടെ ഭീഷണി കണക്കിലെടുത്ത് സ്വകാര്യമില്ലുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി. ജില്ലയില്‍ കൊയ്ത്ത് അവസാനഘട്ടത്തിലാണ്.

See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

സംഭരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തവർ

തൃശൂർ 10,320

തലപ്പിള്ളി 6,617

കുന്നംകുളം 3,872

ചാവക്കാട് 2,623

മുകുന്ദപുരം 1,938

ചാലക്കുടി 1,747

കൊടുങ്ങല്ലൂർ 1,28

തുക ലഭിക്കാനുള്ളവർ 9368

ലഭിക്കാനുള്ളത് 85.97 കോടി

പലരും വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവരാണ്. രോഗബാധിതരായ കർഷകർ പോലും തുകയ്ക്കായി മാസങ്ങളായി കാത്തിരിക്കുന്നു. എന്ന് പണം ലഭിക്കുമെന്ന് ആർക്കും അറിയില്ല.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top