സമഗ്രമായ ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് നിക്ഷേപകർ
ഇരിങ്ങാലക്കുട: ഐടിയു ബാങ്കിൻ്റെ പ്രതിസന്ധി പരിഹരിക്കാനും നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സഹായം അഭ്യർഥിച്ച് നിക്ഷേപകർ. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടന ചടങ്ങിന് മന്ത്രി എത്തിയപ്പോഴാണ് ഇവർ നിവേദനം കൈമാറിയത്. കുട്ടികളുടെ പഠനത്തിനും ചികിൽസാ ചിലവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി തങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് സ്ത്രീകൾ അടക്കമുള്ളവർ കേന്ദ്രമന്ത്രിയോട് പറഞ്ഞു. ഫണ്ട് ഉണ്ടായിട്ടും പിടിച്ച് വച്ചിരിക്കുകയാണ്. ബാങ്ക് ആർബിഐ നിയന്ത്രണത്തിൽ ആയത് കൊണ്ട് തരാൻ പറ്റില്ലെന്നാണ് പറയുന്നത്. ആരാണ് ആർബിഐ ? വേറെ ബാങ്കിനെ കൊണ്ട് ഐടിയു ബാങ്കിനെ എടുപ്പിക്കാൻ മന്ത്രി ശ്രമിക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടു. കരുവന്നൂരിൽ ഇ ഡി ഇടപെട്ട് സ്വത്തുകൾ കണ്ട് കെട്ടി നൽകിയിട്ടും കരുവന്നൂർ ബാങ്ക് ഭരണസമിതി അത് സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം ഇടപെട്ടാലും ഇതാണ് അവസ്ഥയെന്നും ശ്രമിക്കാമെന്നും നിക്ഷേപകരുടെ പേര് വിവരങ്ങൾ കൈമാറണമെന്നും മന്ത്രി പറഞ്ഞു . ടൗൺ സഹകരണ
ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ച സാമ്പത്തിക ക്രമക്കേടുകൾ, അനധികൃത ഇടപാടുകൾ, വീഴ്ചകൾ എന്നിവയെക്കുറിച്ച് സമഗ്രമായ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും, ഇതിന് ഉത്തരവാദികളായ മുൻ-നിലവിലെ ഭരണസമിതി അംഗങ്ങൾ, മാനേജ്മെന്റ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും
ഉത്തരവാദികളായവരുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി, ആവശ്യമായാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും, ബാങ്കിൽ നടന്നതായി ആരോപിക്കപ്പെടുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകളും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നിക്ഷേപകർ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



