തൃശൂർ : അടാട്ട് അമ്പലംകാവിൽ അമ്മയെയും, കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയ്ജിത്ത് (5) എന്നിവരാണ് മരിച്ചത്. ശിൽപയെ ജീവനൊടുക്കിയ നിലയിലും, കുഞ്ഞിനെ കട്ടിലിൽ കമിഴ്ന്ന് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തന്റെ കുഞ്ഞിനെ കൃത്യം നടത്തിയ ശേഷം ശിൽപ ജീവനൊടുക്കിയതായാണ് കരുതുന്നത്. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവും, അമ്മയും വീട്ടിൽ ഉണ്ടായിരുന്നു.
പനിയെ തുടർന്ന് ഇന്നലെ രാത്രി ശിൽപയുടെ ഭർത്താവ് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ശിൽപയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യും. കുട്ടിയെ കൃത്യം നടത്തി, അമ്മ ശിൽപ്പ ജീവനൊടുക്കി എന്നാണ് സംശയിക്കുന്നത്.
കുറിപ്പ് ലഭിച്ചിട്ടില്ലെന്നും, താന്‍ ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണിൽ റെക്കാഡ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സാമ്പത്തികമായി കുടുംബത്തിന് പ്രശ്നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ശിൽപ പിഎസ്സി പരീക്ഷക്കായി തയ്യാറെടുക്കുക ആയിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.


