വലപ്പാട് 39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

തൃപ്രയാർ : കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 39,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ജലീൽ (50)നെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വലപ്പാട് പോലീസ് കോപ്റ്റ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 77-ാം വകുപ്പും ഉൾപ്പെടുത്തി കേസെടുത്തു.
തൃശൂർ ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ സി.ഡി. കലാദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വലപ്പാട് കോതകുളത്തുള്ള പ്രതിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പിൽനിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. വാഹനത്തിന്റെ പിൻഭാഗത്ത് 52 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പനക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി ശേഖരിച്ചുവെച്ചതായിരുന്നു ഇവ. സംഭവത്തിൽ തുടർനടപടികൾക്കായി എക്സൈസ് സംഘം പ്രതിയെയും പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും വാഹനവും വലപ്പാട് പോലീസിന് കൈമാറുകയായിരുന്നു.
ജലീൽ വലപ്പാട്, കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ആലത്തൂർ, കർണ്ണാടക ഗാർഗ് പോലീസ് സ്റ്റേഷൻ പരിധികളിലും, വാടാനപ്പിള്ളി, തിരൂർ എക്സൈസ് റേഞ്ച് പരിധികളിലുമായി അനധികൃ മദ്യം കടത്തിയതിന് അറസ്റ്റിലായ മൂന്ന് കേസുകളിലും കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ എട്ട് കേസുകളിലും അടക്കം 11 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.





