നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജന മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു

തൃശൂർ : നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. 20 കിലോമീറ്റർ പരിധിയിലെ പ്രദേശങ്ങളിലുള്ളവരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്തു. ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക അടിപ്പാതകൾ, വഴിവിളക്കുകൾ, സർവ്വീസ് റോഡുകൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചത്. പടിഞ്ഞാറെ കോട്ട പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ സത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കലക്ട്രേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ചിനെ തടഞ്ഞു. തുടർന്ന് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഗീത ഗോപി എംഎൽഎ അധ്യക്ഷയായി. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. വി എസ് സുനിൽകുമാർ, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ, സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, സി പി ഐ അസി. സെക്രട്ടറി ടി ആർ രമേഷ് കുമാർ, സംഘാടക സമിതി ചെയർമാൻ കെ പി സന്ദീപ്, കൺവീനർ എം എ ഹാരിസ് ബാബു, ട്രഷറർ അഡ്വ. വി കെ ജ്യോതിപ്രകാശ്,സി എസ് പി സംസ്ഥാന സെക്രട്ടറി രഘു കെ മാരാത്ത്, ഐ എസ് ജെ ഡി നേതാവ് രാഘവൻ, സി ടി ജോഫി എന്നിവർ സംസാരിച്ചു.





