
പരീക്ഷാഫലങ്ങൾ മാത്രമാകരുത് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും വ്യക്തിത്വത്തിന്റെ സമഗ്ര വികസനത്തിനാണ് വിദ്യാർത്ഥികൾ മുൻഗണന നൽകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ സമ്മർദ്ദം കുറയ്ക്കുന്നതിനായി സംഘടിപ്പിച്ച ‘പരീക്ഷ പേ ചർച്ച’യുടെ ഒമ്പതാം പതിപ്പിൽ രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം വിശ്രമത്തിനും ഹോബികൾക്കും സമയം കണ്ടെത്തണമെന്നും സ്കൂൾ തലത്തിൽ തന്നെ അറിവിന്റെ അടിത്തറ ശക്തമാക്കിയാൽ പരീക്ഷാ വിജയങ്ങൾ സ്വാഭാവികമായും തേടിയെത്തുമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥികളെ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വളരാൻ അനുവദിക്കണമെന്ന് രക്ഷിതാക്കളോട് നിർദ്ദേശിച്ച പ്രധാനമന്ത്രി, ഭൂതകാലത്തെ പരാജയങ്ങളെക്കുറിച്ചോർത്ത് ആശങ്കപ്പെടാതെ മുന്നിലുള്ള അവസരങ്ങളെ നോക്കിക്കാണാൻ യുവാക്കളോട് ആവശ്യപ്പെട്ടു. അക്കാദമിക് വിഷയങ്ങൾക്ക് പുറമെ നേതൃപാടവം, ആരോഗ്യം, വ്യക്തിഗത വളർച്ച എന്നിവയെക്കുറിച്ചും സംവാദത്തിൽ ചർച്ചകൾ നടന്നു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ‘എക്സാം വാരിയേഴ്‌സ്’ പങ്കെടുത്തു.
അസമിലെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായ പരമ്പരാഗത കൈത്തറി സ്കാർഫുകൾ നൽകിയാണ് പ്രധാനമന്ത്രി വിദ്യാർത്ഥികളെ സ്വീകരിച്ചത്. പ്രാദേശിക ഭാഷകളിൽ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്ത അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികളിൽ വലിയ ആവേശം സൃഷ്ടിച്ചു. വിദൂര അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് പ്രതികരിച്ചു.
The post “പരീക്ഷാഫലമല്ല ആത്യന്തിക ലക്ഷ്യം, അടിത്തറ ശക്തമാക്കൂ”: പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി appeared first on Express Kerala.




