തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഇത്തവണ ഓണത്തിന് ഉത്സവബത്ത. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഈ വിഭാഗം ജീവനക്കാർക്ക് ഓണം അലവൻസ് ലഭിക്കുന്നത്. 1000 രൂപ വീതം ഓണം അലവൻസ് നൽകാൻ നിർദേശിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. കോർപറേഷന്റെ അടിസ്ഥാന വിഭാഗമായി പ്രവർത്തിക്കുന്ന ബസ് വാഷിങ് ജീവനക്കാരെ കൂടി പരിഗണിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് തീരുമാനം.
സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉത്സവബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് വാഷിങ് ജീവനക്കാരെയും ഓണം ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നത്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ഉത്സവബത്തയും ഓണം അഡ്വാൻസും വിതരണം ചെയ്യുന്നതിനായി നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.
ALSO READ;ഏത് പാതിരാത്രിയിലും ചികിത്സ മുടങ്ങില്ല! ജില്ലാ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷാലിറ്റി സേവനം, 6 മാസത്തിനകം നടപ്പാക്കാൻ സർക്കാർ
സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകുന്നതിനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിനായി 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ബസ് വാഷിങ് ജീവനക്കാർക്കുള്ള 1000 രൂപ അലവൻസിനായി തുക അനുവദിക്കുന്നത്.
കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. വർഷങ്ങളായി ഉത്സവബത്ത ലഭിക്കാതിരുന്ന ബസ് വാഷിങ് ജീവനക്കാരെയും ഇത്തവണ ഓണം ആനുകൂല്യത്തിന്റെ ഭാഗമാക്കുന്നതാണ് തീരുമാനത്തിന്റെ പ്രധാന പ്രത്യേകത.
The post അത് നന്നായി..! വർഷങ്ങൾക്കുശേഷം ബസ് വാഷിങ് ജീവനക്കാർക്കും ഓണം ബത്ത appeared first on Express Kerala.




