
തിരഞ്ഞെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കെ കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടപടികൾക്കാണ് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയത്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 31ന് നടത്താനിരുന്ന തിരഞ്ഞെടുപ്പിനാണ് ഇതോടെ തടസ്സമായത്.
തിരഞ്ഞെടുപ്പ് നടപടികളിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം അവഗണിച്ച് റിട്ടേണിങ് ഓഫീസർ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന ആരോപണവുമായി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഓഗസ്റ്റ് 22ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കി അംഗീകരിച്ച സ്ഥാനാർഥികളുടെ പട്ടികയും പ്രസിദ്ധീകരിച്ചിരുന്നു.
ALSO READ;‘തല്ല്’ പരസ്യമായി, അകം ചീഞ്ഞോ..! 100-ാം ദിവസം തന്നെ ‘ടീം UDF’ പാളിയോ? ഉന്നതവിദ്യാഭ്യാസ–ആരോഗ്യ വകുപ്പുകൾ നേർക്കുനേർ
മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റിലെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ അംഗീകരിച്ച വോട്ടർപട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ 156 പേർക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് ഹർജിക്കാരുടെ വാദം. 2024 ഫെബ്രുവരി 18നും ജൂലൈ 30നും നടന്ന ജനറൽ ബോഡി യോഗങ്ങളിൽ പങ്കെടുത്തവരാണ് ഈ 156 അംഗങ്ങളെന്ന് ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും അഭിഭാഷക ആൻ മാത്യുവും കോടതിയിൽ ചൂണ്ടിക്കാട്ടി.
വോട്ടർപട്ടിക സംബന്ധിച്ച കേസ് തീർപ്പാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നാൽ ഹർജിയിലെ ആവശ്യങ്ങൾ തന്നെ അപ്രസക്തമാകുമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പ് നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്കായി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കാമത്ത് ഹാജരായി. തിരഞ്ഞെടുപ്പ് നടപടികളുടെ തുടർനടപടികൾ ഇനി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് ശേഷമായിരിക്കും.
The post തിരഞ്ഞെടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ മാത്രം! കായംകുളം മിലാദ്-ഇ-മെമ്മോറിയൽ ട്രസ്റ്റ് തിരഞ്ഞെടുപ്പിന് സുപ്രീം കോടതിയുടെ സ്റ്റേ appeared first on Express Kerala.




