മരണമുഖത്തുനിന്ന് അത്ഭുതകരമായ തിരിച്ചുവരവ്; മിന്നൽ പ്രളയത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആറു വയസ്സുകാരിയെ രക്ഷപ്പെടുത്തി


നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് ദിവസത്തോളം മണ്ണിനും അവശിഷ്ടങ്ങൾക്കും ഇടയിൽ കുടുങ്ങിക്കിടന്ന ആറു വയസ്സുകാരിയെ രക്ഷപ്പെടുത്തി. റാസുവ ജില്ലയിലെ തിമൂർ പ്രദേശത്താണ് സംഭവം. ഭോട്ടെ കോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് സായുധ പൊലീസ് സംഘം കുട്ടിയുടെ കരച്ചിൽ കേട്ടത്. തുടർന്ന് രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയോടെ മണ്ണിളക്കി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ ഉടൻ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ എയർലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. മോശം കാലാവസ്ഥ കാരണം ഓഗസ്റ്റ് 29- ന് ഉച്ചയോടെയാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. കുട്ടി നിലവിൽ ചികിത്സയിലാണ്. പ്രളയദുരന്തത്തിൽ ഇതുവരെ 650-ലധികം പേരുടെ മരണം നേപ്പാളിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read:ഉപരോധത്തിൽ തളർന്നെന്ന് സമ്മതിച്ച് ഇറാൻ..! ‘ഡി-ഡേയിൽ’ ഇന്ത്യയടക്കം 9 രാജ്യങ്ങൾ, ചർച്ച വേണമെന്ന് പെസെഷ്കിയാൻ
നേപ്പാളിലും ടിബറ്റിലുമായി മൂവായിരത്തോളം പേരെയാണ് കാണാതായിട്ടുള്ളത്. ഇതിൽ 2,426 പേർ നേപ്പാൾ പൗരന്മാരും, 554 പേർ ടിബറ്റിലെ ഗിയ്‌റോങ് കൗണ്ടിയിൽ നിന്നുള്ളവരുമാണ്. കൂടാതെ 540 വിദേശപൗരന്മാരെക്കുറിച്ചും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയ പാറകളും ചെളിയും കാരണം നിരവധി വീടുകളും പാലങ്ങളും റോഡുകളും വൈദ്യുതി നിലയങ്ങളും പൂർണ്ണമായും തകർന്നു. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
The post മരണമുഖത്തുനിന്ന് അത്ഭുതകരമായ തിരിച്ചുവരവ്; മിന്നൽ പ്രളയത്തിലെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആറു വയസ്സുകാരിയെ രക്ഷപ്പെടുത്തി appeared first on Express Kerala.

