ചിക്കൻ കഷണത്തിനായി തർക്കം; മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, നാടകീയ കൊലപാതകം പുറത്തറിഞ്ഞത് ഇങ്ങനെ


ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ മദ്യപാനത്തിനിടയിലുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചെന്നാരോപിച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കത്തിയെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃട്ടും നാട്ടുകാരനുമായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെളഗാവി മൂഡലഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരാണ് സീതാറാമും അരുൺ കുമാറും. ജോലിസ്ഥലത്തെ ഷെഡിൽ മറ്റ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടയിലാണ് ദാരുണ സംഭവം. ഭക്ഷണത്തിനിടയിൽ കൂട്ടത്തിൽ ആരെങ്കിലും ചിക്കൻ കഷണങ്ങൾ കൂടുതൽ കഴിച്ചുവെന്ന തരത്തിലുള്ള തർക്കം പെട്ടെന്ന് തന്നെ രൂക്ഷമായ വാഗ്വാദമായി മാറി. പ്രകോപിതനായ അരുൺ കുമാർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റു രക്തത്തിൽ കുളിച്ചുവീണ സീതാറാം സംഭവസ്ഥലത്തുതന്നെ ബോധരഹിതനായി.
Also Read: 50 പവൻ സ്വർണക്കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് ‘കൽക്കി’ സന്തോഷും രണ്ട് യുവതികളും പിടിയിൽ!
കൊലപാതകത്തിന് ശേഷം പരിഭ്രാന്തനായ പ്രതി, ക്രൂരകൃത്യം പുറത്തറിയാതിരിക്കാൻ വലിയ നാടകീയ നീക്കങ്ങളാണ് നടത്തിയത്. സീതാറാം കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണതാണെന്ന് വരുത്തിതീർക്കാൻ അരുൺ കുമാർ ഇയാളെ ഗോകാക് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സീതാറാമിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവും പരിക്ക് പറ്റിയ രീതിയുമകണ്ട് ഡോക്ടർമാർക്ക് സംശയം തോന്നി. ഡോക്ടർമാർ ഉടൻതന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ചിക്കൻ കഷണത്തെച്ച ചൊല്ലിയുള്ള തർക്കത്തിനിടയിൽ താൻ തന്നെയാണ് സീതാറാമിനെ കുത്തിയതെന്ന് അരുൺ കുമാർ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൃത്യത്തിനുപയോഗിച്ച കത്തിയെടുക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സീതാറാം മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
The post ചിക്കൻ കഷണത്തിനായി തർക്കം; മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, നാടകീയ കൊലപാതകം പുറത്തറിഞ്ഞത് ഇങ്ങനെ appeared first on Express Kerala.

