September 1, 2026

മകളുടെ ഫീസ് അടക്കാൻ പണമില്ല; ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാമതെത്തി 47കാരി | Ramabai Ranveer marathon

മകളുടെ ഫീസ് അടക്കാൻ പണമില്ല; ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാമതെത്തി 47കാരി | Ramabai Ranveer marathon

മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി 3,000 രൂപ കണ്ടെത്താൻ 47-ാം വയസിൽ മാരത്തണിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനിയായ റാമാബായി രൺവീർ. ചെരിപ്പില്ലാതെ സാരിയുടുത്താണ് റാമാബായി മത്സരത്തിൽ ഓടിയത്. യുവതാരങ്ങൾ സ്പോർട്സ് ഷൂസും ട്രാക്ക് സ്യൂട്ടും ധരിച്ച് മത്സരിച്ചപ്പോൾ, ലളിതമായ വേഷത്തിലെത്തിയ റാമാബായി തന്നെയാണ് ഒടുവിൽ വിജയിയായത്. (Ramabai Ranveer marathon)

ഭാരതീയ ശിക്ഷൺ പ്രസാരക് സ്ഥാപനയുടെ ഖോലേശ്വർ എജ്യുക്കേഷണൽ കോംപ്ലക്സിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അംബാജോഗായിയിൽ സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് റാമാബായി പങ്കെടുത്തത്. ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ നിന്ന് ആരംഭിച്ച മത്സരം ഭാഗ്യനഗർ ചൗക്കിലാണ് അവസാനിച്ചത്. നിരവധി യുവാക്കളും യുവതികളും ഉൾപ്പെടെ വലിയ പങ്കാളിത്തമാണ് മത്സരത്തിനുണ്ടായിരുന്നത്.
ലളിതമായ സാരിയും ചെരിപ്പും ധരിച്ചാണ് റാമാബായി മത്സരവേദിയിലെത്തിയത്. ഓട്ടത്തിനിടെ ചെരിപ്പ് വഴുതിപ്പോകാൻ തുടങ്ങിയതോടെ അവൾ അത് ഊരി കൈയിൽ പിടിക്കുകയായിരുന്നു. തുടർന്ന് റോഡിലെ കല്ലുകളും മറ്റ് ബുദ്ധിമുട്ടുകളും വകവയ്ക്കാതെ നഗ്നപാദയായി ഓട്ടം തുടർന്നു. പ്രായം കുറഞ്ഞ നിരവധി മത്സരാർഥികളെ പിന്നിലാക്കി മുന്നേറിയ റാമാബായി ഒടുവിൽ ഒന്നാമതായി ഫിനിഷിങ് ലൈൻ കടന്നു.

റാമാബായിയുടെ വിജയത്തെ കാണികൾ കൈയടികളോടെയാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് പ്രതികൂല സാഹചര്യങ്ങളിലും മകളുടെ പഠനത്തിനായി മത്സരിക്കാനുള്ള അവരുടെ തീരുമാനം ഏറെ ശ്രദ്ധ നേടി. സാധാരണ പങ്കാളിയായി മത്സരിക്കാനെത്തിയ റാമാബായി വിജയിയായി മാറിയത് മത്സരവേദിയിലെ മറ്റുള്ളവർക്കും അപ്രതീക്ഷിതമായിരുന്നു. മത്സരത്തിൽ വിജയിച്ചതിന് റാമാബായിക്ക് 3,000 രൂപ സമ്മാനത്തുകയായി ലഭിച്ചു. ഈ തുക മകളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനാണ് അവരുടെ തീരുമാനം. സാമ്പത്തിക പരിമിതികൾക്കിടയിലും മകളുടെ പഠനത്തിന് പിന്തുണ നൽകാനുള്ള അമ്മയുടെ ശ്രമമാണ് റാമാബായിയുടെ ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

Summary: A 47-year-old woman from Beed, Maharashtra, won a local marathon after running barefoot in a sari. Ramabai Ranveer plans to use the Rs 3,000 prize money from the race towards her daughter’s education.

See also  ബസ് സമയത്തെച്ചൊല്ലിയ തർക്കം കല്ലേറിൽ കലാശിച്ചു; യാത്രക്കാരിയായ എംബിബിഎസ് വിദ്യാർഥിനിക്ക് പരിക്ക് | Aluva bus dispute
Spread the love