കാലിക്കടവ് എംഡിഎംഎ കേസിൽ പിടിയിലായത് വൻ റാക്കറ്റ്; മുഖ്യ കണ്ണികളായ ഗുജറാത്ത് സ്വദേശിനിയും ഘാന പൗരനും പിടിയിൽ


കാസർകോട്: കേരളത്തെ ഞെട്ടിച്ച കാലിക്കടവ് എംഡിഎംഎ കേസിൽ പുറത്തുവരുന്നത് അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുടെ ഞെട്ടിക്കുന്ന മുഖം. സംസ്ഥാനത്തിന്റെ അതിർത്തികടത്തി ലഹരിയെത്തിക്കുന്നത് ഗുജറാത്ത് സ്വദേശിനിയും, ഇതിനുള്ള വൻതുകയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് ഘാന സ്വദേശിയുമാണെന്ന നിർണായക വിവരമാണ് കാസർകോട് ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്.
കാലിക്കടവിൽ വിൽപ്പനയ്ക്കായി എത്തിച്ച 139.290 ഗ്രാം എംഡിഎംഎയുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിന്റെ വേരുകൾ കേരളത്തിന് പുറത്തേക്കും വിദേശ രാജ്യങ്ങളിലേക്കും നീളുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒളിവിൽ കഴിയുകയായിരുന്ന ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖിനെ (31) ഹൊസ്ദുർഗ് സബ് ഇൻസ്‌പെക്ടർ നീതു തച്ചഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി പിടികൂടിയത്. കേരളത്തിലെ ശൃംഖലയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിച്ചിരുന്നത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Also Read: ക്ലാസിൽ അടങ്ങിയിരുന്നില്ലെന്ന് പറഞ്ഞ് പിഞ്ചുകുഞ്ഞിനെ കസേരയിൽ കെട്ടിയിട്ട് ക്രൂരമർദ്ദനം; ഡൽഹിയിൽ പ്ലേ സ്കൂൾ അധ്യാപകർക്കെതിരെ പോക്സോ കേസ്
ഇതിന് പുറമേയാണ് ലഹരിയിടപാടുകളിലെ പണമിടപാടുകൾ നിയന്ത്രിച്ചിരുന്ന ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തുനിന്നും പ്രത്യേക അന്വേഷണ സംഘം വളഞ്ഞുപിടിച്ചത്. കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ കഴിയവേയാണ് ഇയാൾ പിടിയിലാകുന്നത്. കേസിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശികളായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്‌ദുൾ സലാം, പി.എ. അബ്ബാസ്, സൈനുലാബിദീൻ തുടങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന് ശേഷമാണ് അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള മാസ്റ്റർ പ്ലാൻ പുറത്തുവന്നത്.
സംഭവത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ എം.വിയുടെ നേതൃത്വത്തിലുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലേക്ക് മയക്കുമരുന്ന് ഒഴുകുന്ന പ്രധാന സ്രോതസ്സുകളെക്കുറിച്ചും പ്രാദേശിക രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
The post കാലിക്കടവ് എംഡിഎംഎ കേസിൽ പിടിയിലായത് വൻ റാക്കറ്റ്; മുഖ്യ കണ്ണികളായ ഗുജറാത്ത് സ്വദേശിനിയും ഘാന പൗരനും പിടിയിൽ appeared first on Express Kerala.

