പത്രവും പുസ്തകവും ഫോൺസൗകര്യവും അനുവദിച്ച് ഹൈക്കോടതി..! ഇമ്രാൻ ഖാനും ഭാര്യയ്ക്കും ആശ്വാസം, നിർണായകവിധി

ഇസ്ലാമാബാദ്: ജയിലിൽ ഏകാന്ത തടവിൽ കഴിയരുത്, ആവശ്യമായ ചികിത്സ ഉറപ്പാക്കണം, കുടുംബത്തെ കാണാനും സൗകര്യം വേണം—മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും ആശ്വാസമായി ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഇരുവരെയും ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് ജയിൽ അധികൃതർക്ക് കോടതി കർശന നിർദേശം നൽകി. ഇമ്രാൻ ഖാന് ജയിൽ നിയമങ്ങൾ പാലിച്ചുള്ള ആവശ്യമായ വൈദ്യസഹായവും ഉറപ്പാക്കണമെന്നും ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോ ഉത്തരവിട്ടു.
ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും ബുഷ്റ ബീബിയുടെ മകൾ മുബഷ്റ ഖാവർ മനേകയും നൽകിയ ഹർജികളിലാണ് നടപടി. ജയിൽ ചട്ടങ്ങൾ അനുസരിച്ച് കുടുംബാംഗങ്ങൾക്ക് ഇരുവരെയും സന്ദർശിക്കാം. വിദേശത്തുള്ള മക്കളുമായി ഇമ്രാൻ ഖാന് ഫോണിൽ സംസാരിക്കാനുള്ള സൗകര്യവും ഒരുക്കണം. ദിവസവും പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകണമെന്നും കോടതി നിർദേശിച്ചു. ഉത്തരവുകൾ നടപ്പാക്കിയതായി 15 ദിവസത്തിനകം റാവൽപിണ്ടിയിലെ അഡിയാല ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ALSO READ;മരണം ആയിരം കടന്നു, 4000 പേരെ ഇനിയും കണ്ടെത്താനായില്ല; എന്ത് പറഞ്ഞു ആശ്വസിപ്പിക്കും..!
വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഭാര്യ ബുഷ്റ ബീബിയും ഇതേ ജയിൽ സമുച്ചയത്തിലാണ് കഴിയുന്നത്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിന്റെ ആരോപണം. ജയിലിൽ പ്രാഥമിക സൗകര്യങ്ങളും കൃത്യമായ വൈദ്യസഹായവും ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളും നേരത്തെ പരാതിപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ശ്രദ്ധേയമാകുന്നത്. ഏകാന്ത തടവ് ഒഴിവാക്കുന്നതിന് പുറമെ കുടുംബസന്ദർശനം, മക്കളുമായി ഫോൺസംസാരം, പത്രങ്ങളും പുസ്തകങ്ങളും ലഭ്യമാക്കൽ, ആവശ്യമായ ചികിത്സ എന്നിവ ഉറപ്പാക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
The post പത്രവും പുസ്തകവും ഫോൺസൗകര്യവും അനുവദിച്ച് ഹൈക്കോടതി..! ഇമ്രാൻ ഖാനും ഭാര്യയ്ക്കും ആശ്വാസം, നിർണായകവിധി appeared first on Express Kerala.

