സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം


ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതിവാദം പറയുന്നവരുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്‌ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ സിപിഐക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ഒരിക്കലും അംഗീകരിക്കാത്ത ആശയങ്ങൾ മുന്നോട്ടുവെച്ച് ജാതീയതയുടെ കൊടിക്കൂറ ഉയർത്താൻ ശ്രമിക്കുന്നവരുമായി ബന്ധം സ്ഥാപിക്കാൻ സിപിഐക്ക് താൽപര്യമില്ലെന്നും നാളെയും അത്തരമൊരു ബന്ധമുണ്ടാകില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ദേശീയ സെമിനാറിലായിരുന്നു പരാമർശം.
ജാതിവാദം തെറ്റാണെന്നും അതിനെ പിന്തുടർന്നവരാണ് അന്ധമായ ഇസ്‌ലാമോഫോബിയ പടർത്താൻ ശ്രമിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിൽ ജാതിവാദത്തിലൂടെ നീതീകരിക്കാനാകാത്ത തരത്തിൽ ഇസ്‌ലാം വിരോധം വളർത്താൻ ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും അത്തരം ശ്രമങ്ങളെ സിപിഐ ഒരിക്കലും വെള്ളപൂശിയിട്ടില്ലെന്നും നാളെയും വെള്ളപൂശില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:‘മാധ്യമങ്ങൾ വ്യക്തിപരമായി അപമാനിക്കുന്നു, വീടിന് മുന്നിലെ ജീപ്പ് ‘പൊലീസ് സ്റ്റേഷനല്ല’..! പിണറായി
പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള പരാമർശമാണെന്ന ചർച്ചയ്ക്കും ഇതോടെ വഴിയൊരുങ്ങുകയാണ്. അയ്യപ്പസംഗത്തിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിയത് വലിയ വിവാദമായിരുന്നു. മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ പലതവണ നടത്തിയ വെള്ളാപ്പള്ളിയെ തള്ളാതിരുന്നതിന് പിന്നാലെയായിരുന്നു പിണറായി അദ്ദേഹത്തെ കാറിൽ കയറ്റിയത്. ഇപ്പോൾ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങൾ സിപിഎമ്മിനും സിപിഐക്കും ഇടയിൽ നിലനിൽക്കുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന തരത്തിലാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകൾ. പേരെടുത്ത് പറയാതെയായിരുന്നു വിമർശനമെങ്കിലും, ‘കാറിനകത്തോ പുറത്തോ ബന്ധമില്ല’ എന്ന പരാമർശം മുൻകാല വിവാദങ്ങളുമായി ചേർത്താണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
The post സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം appeared first on Express Kerala.

