September 8, 2026

‘ട്രിപ്പിൾ എൻജിൻ’ സർക്കാർ എന്നിട്ടും നിസ്സഹായാവസ്ഥ..! ഡൽഹി ദുരന്തത്തിൽ മോദി സർക്കാരിനെതിരെ രാഹുൽ

‘ട്രിപ്പിൾ എൻജിൻ’ സർക്കാർ എന്നിട്ടും നിസ്സഹായാവസ്ഥ..! ഡൽഹി ദുരന്തത്തിൽ മോദി സർക്കാരിനെതിരെ രാഹുൽ

ൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഇത്തരം ദുരന്തങ്ങൾ തടയാൻ അപകടത്തിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അപകടത്തിന് ശേഷം വലിയ അവകാശവാദങ്ങൾ മാത്രമാണ് സർക്കാർ നടത്തുന്നതെന്നും രാഹുൽ ആരോപിച്ചു. യഥാർഥ ഉത്തരവാദികൾ രക്ഷപ്പെടുകയും താഴെത്തട്ടിലുള്ള ഏതാനും ഉദ്യോഗസ്ഥരുടെ മേൽ മാത്രം കുറ്റം ചുമത്തുകയും ചെയ്യുന്നതാണ് ബിജെപി സർക്കാരിന്റെ രീതിയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സത്യ നികേതനിൽ വിദ്യാർഥികൾ തിങ്ങിനിറഞ്ഞ കെട്ടിടം തകർന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് മാസത്തിനിടെ സെയ്ദുലാജാബിൽ സമാനമായ ദുരന്തത്തിൽ ആറുപേരും ഹൗസ് റാണിയിൽ ഉണ്ടായ തീപിടിത്തത്തിൽ 22 പേരും മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സംഭവത്തിലും മനുഷ്യജീവിതങ്ങളും സ്വപ്നങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇല്ലാതാകുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

ALSO READ; സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം

See also  സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം

ഉത്തരവാദിത്വം ചോദിക്കുന്നവരെ പ്രധാനമന്ത്രി മോദി അപമാനകരമായ വിശേഷണങ്ങൾ നൽകി നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ‘മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട നക്‌സൽ’, ‘മുൻകോപിയായ അമ്മാവൻ’ തുടങ്ങിയ വിശേഷണങ്ങളാണ് ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ലോകത്തെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഡൽഹിയിൽ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഡൽഹി കോർപ്പറേഷനിലും ബിജെപി ഭരണത്തിലുള്ള ‘ട്രിപ്പിൾ എൻജിൻ’ സംവിധാനം ഉണ്ടായിട്ടും ഇത്തരം നിസ്സഹായാവസ്ഥയ്ക്ക് എന്ത് ന്യായീകരണമാണുള്ളതെന്നും രാഹുൽ ചോദിച്ചു. ഈ അവസ്ഥയ്ക്ക് കാരണം ആത്മാർഥതയില്ലായ്മയാണെന്നും ആത്മാർഥത ഇല്ലാത്തിടത്ത് ഉത്തരവാദിത്വവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ‘ട്രിപ്പിൾ എൻജിൻ’ സർക്കാർ എന്നിട്ടും നിസ്സഹായാവസ്ഥ..! ഡൽഹി ദുരന്തത്തിൽ മോദി സർക്കാരിനെതിരെ രാഹുൽ appeared first on Express Kerala.

Spread the love