മുഖ്യനെതിരെ പടയൊരുക്കം ശക്തം, പകരക്കാരൻ പിസി വിഷ്ണുനാഥ് ? കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാൻ !


വിഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്ത് 6 മാസം പോലും തികയ്ക്കില്ലെന്ന ഒരു പ്രചരണം കോൺഗ്രസ്സിൽ വീണ്ടും ശക്തിപ്പെടുന്നു. എംപിമാർക്കും മന്ത്രിമാർക്കും പുറമെ തല മുതിർന്ന നേതാക്കളും വിഡി സതീശന് എതിരെ ഹൈക്കമാൻ്റിനോട് പരാതിപ്പെട്ടിരിക്കുകയാണ്. ഒരു കാലത്തും ഇത്രയും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച് പോകുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ്സിൽ ഉണ്ടായിട്ടില്ലന്നാണ് കോൺഗ്രസ്സ് നേതാക്കളുടെ പരാതി.
മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് തീരുമാനിച്ച പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കാൻ ഒടുവിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനു തന്നെ മുഖ്യമന്ത്രിയോട് കടുപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
ഈ പോക്ക് പോവുകയാണെങ്കിൽ അധികം താമസിയാതെ തന്നെ വിഡി സതീശനെ മാറ്റേണ്ടതായി വരുമെന്നാണ് കോൺഗ്രസ്സ് നേതൃത്വത്തിലെ സംസാരം. ഹൈക്കമാൻ്റിൽ സമ്മർദ്ദം ചെലുത്തി നേടിയ പദവി ആയതിനാൽ ഒരവസരത്തിനായി അവരും കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി പദവിയിൽ എത്താൻ വിഡി സതീശന് വലിയ പിന്തുണ നൽകിയ മുസ്ലീംലീഗ് നേതൃത്വത്തിനു പോലും സതീശൻ്റെ ഇപ്പോഴത്തെ പോക്കിൽ കടുത്ത അതൃപ്‌തിയുണ്ട്.
വിഡി സതീശനെ മാറ്റുന്ന ഒരു സാഹചര്യം ഉണ്ടായാൽ, വലിയ എതിർപ്പ് ലീഗിൻ്റെയും മറ്റ് ഘടക കക്ഷികളുടെയും ഭാഗത്ത് നിന്നും ഉണ്ടാകില്ലന്നാണ് കോൺഗ്രസ്സിലെ കെസി പക്ഷം കരുതുന്നത്. അതിനു പറ്റിയ അവസരത്തിനായാണ് അവർ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് സമവാക്യം പരിശോധിക്കുമ്പോൾ നിലവിൽ കോൺഗ്രസ്സിലെ രണ്ട് എം എൽഎമാർ മാത്രമാണ് വിഡി സതീശനൊപ്പം ഉറച്ച് നിൽക്കുന്നത്. കെ മുരളീധരൻ സതീശനെ ചില ഘട്ടങ്ങളിൽ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ടെങ്കിലും സതീശന് മുഖ്യമന്ത്രി കസേരയിൽ എത്താൻ ഹൈക്കമാൻ്റിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ വിഎം സുധീരൻ ഇപ്പോൾ സതീശനെ കൈവിട്ട അവസ്ഥയാണ് ഉള്ളത്.
എസ്.എൻ.ഡി.പി നേതാവും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശൻ്റെ മരണം എസ്ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും അനുകൂല നിലപാട് ഉണ്ടാകാതിരുന്നതാണ് വിഎം സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം സുധീരനും ഹൈക്കമാൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ആയപ്പോൾ വെള്ളാപ്പള്ളിമാരോടുള്ള സതീശൻ്റെ നിലപാടും മാറി എന്ന വികാരം മറ്റ് കോൺഗ്രസ്സ് നേതാക്കൾക്കിടയിലും ശക്തമാണ്.
കോൺഗ്രസ്സ് നേതാക്കളോടും പോഷക സംഘടനാ നേതാക്കളോടും മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും സ്വികരിക്കുന്ന നിലപാടും മുഖ്യമന്ത്രിക്ക് എതിരായ രോഷം കത്തിപ്പടരാൻ കാരണമായിട്ടുണ്ട്.
കേന്ദ്ര സർക്കാറിലെ പ്രമുഖരുമായും അദാനി ഗ്രൂപ്പുമായും ഉള്ള മുഖ്യമന്ത്രിയുടെ പരിധിവിട്ട ബന്ധം മുതൽ ഏകപക്ഷിയമായ നിലപാടുകൾ വരെ കോൺഗ്രസ്സ് ദേശീയ നേതൃത്വവും ഗൗരവമായാണ് കാണുന്നത്. കാന്തപുരത്തിന് എതിരായ വിമർശനത്തിലും കോൺഗ്രസ്സിൽ വലിയ ഭിന്നതയാണ് പുകയുന്നത്. ഇക്കാര്യത്തിൽ ലീഗും സമസ്‌തയും മുഖ്യമന്ത്രിയെ ഇതിനകം തന്നെ കൈവിട്ട് കഴിഞ്ഞിട്ടുണ്ട്.
പുതിയ കെപിസിസി അദ്ധ്യക്ഷൻ വരുന്നതോടെ സതീശൻ്റെ ഈ ‘പറക്കലൊക്കെ’ നിൽക്കുമെന്നാണ് കെസി വേണുഗോപാൽ പക്ഷം പറയുന്നത്.
പുതിയ കെപിസിസി അദ്ധ്യഷനെ നിയമിക്കാൻ വൈകുന്നത് തന്നെ കെസി ഗ്രൂപ്പിലെ ഭിന്നത ഒതുക്കി തീർക്കാനാണ്. കാൽ ഡസൻ പേരാണ് കെപിസിസി അദ്ധ്യക്ഷനാകാൻ കുപ്പായം തയ്പ്പിച്ച് ഇരിക്കുന്നത്. ഇവരിൽ ഇപ്പോൾ പ്രധാനമായും ഹൈക്കമാൻ്റ് പരിഗണിക്കുന്നത് ബെന്നി ബെഹനാനെയാണ് എന്നാണ് ലഭിക്കുന്ന വിവരം. കെസി വേണുഗോപാലിൻ്റെ പിന്തുണയും ബെന്നിക്കാണ്. എ ഗ്രൂപ്പിനെ പൂർണ്ണമായും ഒപ്പം നിർത്തി മുന്നോട്ട് പോകുക എന്ന സ്ട്രാറ്റജിയാണ് കെസി വേണുഗോപാൽ സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയും യുഡിഎഫ് കൺവീനറും ഭൂരിപക്ഷ സമുദായത്തിൽ നിന്നായതിനാൽ, കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട പരിചയ സമ്പന്നനായ സീനിയർ നേതാവ് വരട്ടെ എന്ന ചിന്താഗതിയാണ് ഹൈക്കമാൻ്റിനുള്ളത്.
ആൻ്റോ ആൻ്റണി എംപി ഈ പദവി ലക്ഷ്യമിട്ട് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ പ്രസിഡൻ്റാക്കിയാൽ പഴയ ആരോപണങ്ങൾ വീണ്ടും സജീവമായി ഉയരാൻ സാധ്യത ഉള്ളതിനാൽ റിസ്ക്ക് എടുക്കാൻ കെസി വേണുഗോപാൽ എന്തായാലും തയ്യാറാവുകയില്ല.
കോൺഗ്രസ്സ് വർക്കിങ് കമ്മറ്റിയിലെ ക്ഷണിതാവാണെങ്കിലും കൊടിക്കുന്നിൽ സുരേഷിൻ്റെ പേരിനും സ്വീകാര്യത കുറവാണ്. മാത്രമല്ല സാമുദായിക സമവാക്യം നോക്കുമ്പോഴും കൊടിക്കുന്നിലിനെ പരിഗണിക്കാൻ ഒരു സാധ്യതയുമില്ല.
പിന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരുകൾ ഷാഫി പറമ്പിലിൻ്റെയും മാത്യു കുഴൽനാടൻ്റെയുമാണ്. ഇരുവരും വളരെ ജൂനിയർ ആയതിനാൽ, ഇവരിൽ ആരെ പിടിച്ച് കെപിസിസി അദ്ധ്യക്ഷനാക്കിയാലും വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസ്സിൽ ഉണ്ടാവുക.
ഇവിടെയാണ്. ബെന്നി ബെഹന്നാൻ്റെ സാധ്യത വർദ്ധിക്കുന്നത്. സീനിയോററ്റിയിലും, ലീഡർഷിപ്പ് ക്വാളിറ്റിയിലും മറ്റുള്ള നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് ബെന്നി ബെഹന്നാൻ. മാത്രമല്ല, സംസ്ഥാനത്തെ ഏറ്റവും ശക്തമായ എ ഗ്രൂപ്പിൻ്റെ ഏറ്റവും മുതിർന്ന നേതാവ് കൂടിയാണ് അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ മരണശേഷം എ ഗ്രൂപ്പിനെ കെസി വേണുഗോപാലിനൊപ്പം നിർത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചിരിക്കുന്നതും ബെന്നി ബെഹന്നാനാണ്.
മുൻ യുഡിഎഫ് കൺവീനർ കൂടിയായ ബെന്നി വന്നാൽ, വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും നിയന്ത്രിച്ച് നിർത്താൻ കഴിയുമെന്നാണ് ഹൈക്കമാൻ്റും കണക്ക്കൂട്ടുന്നത്.
അതേസമയം ഏതെങ്കിലും സാഹചര്യത്തിൽ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പകരം രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകാനുള്ള സാധ്യതയും ഇപ്പോൾ അടഞ്ഞിട്ടുണ്ട്.
ചെന്നിത്തലയെ സതീശന് പകരം പരീക്ഷിച്ചാൽ, കോൺഗ്രസ്സിൽ പ്രായപരിധി ഇല്ലാത്തതിനാൽ ചെന്നിത്തല പിന്നീട് പദവി മാറിതരില്ലെന്ന നല്ല ബോധ്യം കെസി വേണുഗോപാലിനുണ്ട് എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ, പിസി വിഷ്ണുനാഥാണ് കെസിക്ക് മുന്നിലുള്ള പ്രധാന ഓപ്ഷൻ എന്നാണ് ഈ വിഭാഗം പറയുന്നത്. ഇതാകട്ടെ സെയ്ഫായ ഒരു ഓപ്ഷൻ കൂടിയാണ്. ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായി ആയിരുന്ന പിസി വിഷ്ണുനാഥ്, ബെന്നി ബെഹന്നാനെ പോലെ തന്നെ, ഇപ്പോൾ കെസി വേണുഗോപാലുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.
അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം കേന്ദ്ര ഭരണം പിടിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന കെസി വേണുഗോപാൽ, എഐസിസി സെക്രട്ടറിയായ പിസി വിഷ്ണുനാഥിനെ ആ ഘട്ടത്തിൽ കേന്ദ്രത്തിലേക്ക് പറഞ്ഞയച്ച് കേരളത്തിൽ ലാൻഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതത്രെ. അതല്ലാതെ, ഏതെങ്കിലും എംഎൽഎയെ രാജി വയ്പ്പിച്ച് ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ച് വരുത്തി മുഖ്യമന്തിയാകാൻ തൽക്കാലം കെസി വേണുഗോപാൽ ആഗ്രഹിക്കുന്നില്ലന്നാണ് അദ്ദേഹത്തിൻ്റെ അടുപ്പക്കാർ പറയുന്നത്.
സതീശനെ രാജിവയ്പ്പിക്കുന്നത് തനിക്ക് മുഖ്യമന്ത്രിയാകാനാണ് എന്ന ഒരു പ്രചരണം വരുന്നത് പോലും കെസി വേണുഗോപാൽ ഇഷ്‌ടപ്പെടുന്നില്ല!
POLITICAL REPORTER
The post മുഖ്യനെതിരെ പടയൊരുക്കം ശക്തം, പകരക്കാരൻ പിസി വിഷ്ണുനാഥ് ? കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹന്നാൻ ! appeared first on Express Kerala.

