എൽപിജി സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്; ഇനി 25 ദിവസത്തിലൊരിക്കൽ ബുക്ക് ചെയ്യാം | LPG cylinder booking


ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ റീഫിൽ ബുക്കിങ്ങിനുള്ള നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി (LPG cylinder booking). ഇനി രാജ്യത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ പുതിയ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് പുതിയ ക്രമീകരണം.
മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് എൽപിജി വിതരണത്തിൽ നേരിട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ബുക്കിങ്ങിന് വ്യത്യസ്ത ഇടവേളകൾ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്. ആവശ്യം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കുന്നതിനുമുള്ള താൽക്കാലിക നടപടിയായാണ് നിയന്ത്രണം കൊണ്ടുവന്നത്.
കഴിഞ്ഞ മാർച്ചിൽ നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലുള്ളവർക്ക് 45 ദിവസവും ഇടവേള നിശ്ചയിച്ചിരുന്നു. എന്നാൽ, രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ലഭിക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.
പുതിയ തീരുമാനം പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. നിലവിലെ വിതരണ സാഹചര്യം മെച്ചപ്പെട്ടതായും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറഞ്ഞതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് വിതരണത്തിലുണ്ടായ സമ്മർദം കണക്കിലെടുത്താണ് നഗര-ഗ്രാമ മേഖലകളിൽ വ്യത്യസ്ത ബുക്കിങ് ഇടവേളകൾ ഏർപ്പെടുത്തിയിരുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ ഇനി എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാനാകും.
Story Summary:
The central government has relaxed the restrictions on domestic LPG refill bookings as the country’s LPG supply situation improves. Consumers across both urban and rural areas can now book a refill once every 25 days.

