മലപ്പുറം മോർഫിങ് കേസ്! കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ


മലബാർ മേഖല കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം തിരുമല സ്വദേശി സുബിൻ ബാബു (26) അറസ്റ്റിലായി. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ 12-ഓളം കോളേജുകളിൽ നിന്നാണ് ഇതുവരെ പരാതികൾ ഉയർന്നിട്ടുള്ളത്.
മൊബൈൽ ടെക്നീഷ്യനായ സുബിൻ ബാബു, ജോലി ഇല്ലാത്തതിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന സമയത്താണ് ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനികളുടെ അക്കൗണ്ടുകൾ കണ്ടെത്തി കൃത്രിമം കാട്ടിയത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പ്രതി ഈ കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സർവീസ് പ്രൊവൈഡർമാരുടെയും മെറ്റയുടെയും സഹായത്തോടെ നടത്തിയ സൈബർ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
Also Read: അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പശ്ചിമ ബംഗാളിൽ പിടിയിൽ, കൊല്ലപ്പെട്ടത് തന്റെ ഭാര്യയല്ലെന്ന് ഞെട്ടിക്കുന്ന മൊഴി
തുടക്കത്തിൽ ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ നാളെ മലപ്പുറം സിജെഎം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിദ്യാർത്ഥിനികളും കോളേജുകളും ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സൈബർ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
The post മലപ്പുറം മോർഫിങ് കേസ്! കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ appeared first on Express Kerala.

