September 9, 2026

‘രാഷ്ട്രീയ പകപോക്കൽ’..! യുഡിഎഫ് സർക്കാർ ഇ.ഡി നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് ഗോവിന്ദൻ

‘രാഷ്ട്രീയ പകപോക്കൽ’..! യുഡിഎഫ് സർക്കാർ ഇ.ഡി നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് ഗോവിന്ദൻ

ഇ.ഡി നിർദേശം ഇനി യുഡിഎഫ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും? സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും, നിർദേശം യുഡിഎഫ് സർക്കാർ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി കത്ത് പുറത്തുവിടുന്നതെന്നും പിണറായി വിജയനെ കേസിൽ ഉൾപ്പെടുത്താനുള്ള ശ്രമം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. സി.എം.ആർ.എൽ നൽകിയ 182 കോടി രൂപയിൽ വളരെ ചുരുങ്ങിയ തുകയിൽ മാത്രമാണ് ഇ.ഡി കേസ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും, മറ്റുള്ളവർക്കെതിരെ ഇതുവരെ കേസ് വരാത്തത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നതിൽ സംശയമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ALSO READ:‘അച്ഛൻ ചെയർമാനായ ശേഷമാണ് പവർകട്ടെന്ന് മക്കൾ പോലും പറഞ്ഞു’..! കാരണം വിശദീകരിച്ച് കെഎസ്ഇബി ചെയർമാൻ

കരാർ പ്രകാരം നികുതി അടച്ചാണ് സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാട് നടന്നതെന്നും പണം ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഗോവിന്ദൻ പറഞ്ഞു. സി.എം.ആർ.എൽ എക്‌സാലോജിക്കിന് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. വീണ പിണറായി വിജയന്റെ മകളാണ് എന്നതാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും, പിണറായി മുഖ്യമന്ത്രിയായിരിക്കെ സി.എം.ആർ.എല്ലിന് വഴിവിട്ട ആനുകൂല്യം നൽകിയതായി ഒരു അന്വേഷണ ഏജൻസിക്കും കണ്ടെത്താനായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

See also  സഖാവേ…! ‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം

കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും ബി.ജെ.പി നേതാവ് ഷോൺ ജോർജും നൽകിയ കേസുകൾ കോടതി തള്ളിയതാണെന്നും, വിഷയം സുപ്രീംകോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറിയുടെ പരിശോധനയ്ക്ക് വിധേയമായതാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കരുവന്നൂരിലേതിന് സമാനമായി നേതാക്കളെ ലക്ഷ്യമിടുന്ന രീതിയാണ് ഇ.ഡി ഇവിടെയും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു മൊഴിക്കപ്പുറം രേഖകളൊന്നും ഇ.ഡിയുടെ കൈവശമില്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ ദേശീയതലത്തിൽ ചെറുക്കുമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസും യുഡിഎഫും എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.

The post ‘രാഷ്ട്രീയ പകപോക്കൽ’..! യുഡിഎഫ് സർക്കാർ ഇ.ഡി നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് ഗോവിന്ദൻ appeared first on Express Kerala.

Spread the love