September 9, 2026

മാസപ്പടി കേസിൽ കളിമാറുന്നു; പിണറായിയെ ലക്ഷ്യമിട്ട് ED നീക്കം, കോൺഗ്രസിനും രാഷ്ട്രീയ കുരുക്ക്

മാസപ്പടി കേസിൽ കളിമാറുന്നു; പിണറായിയെ ലക്ഷ്യമിട്ട് ED നീക്കം, കോൺഗ്രസിനും രാഷ്ട്രീയ കുരുക്ക്

മാസപ്പടി കേസിൽ പിണറായി വിജയനെയും മകളെയും ഉൾപ്പെടെ കുരുക്കാൻ ലക്ഷ്യമിട്ട് നിർണായക നീക്കം നടത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടിയിൽ ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണക്ക് എതിരെയും മരുമകൻ മുഹമ്മദ് റിയാസിന് എതിരെയും, അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇ ഡി നൽകിയ കത്ത് തിരിച്ചടിക്കുമോ എന്ന ആശങ്കയിലാണ് സർക്കാറിലെ ഉന്നതരുമുള്ളത്.ഇതിന് പ്രധാന കാരണം, കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിൻ്റെ ഇഡിയോടുള്ള സമീപനം തന്നെയാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുതൽ മരുമകൻ റോബർട്ട് വാദ്രവരെ ഇഡിയുടെ ചൂട് അറിഞ്ഞവരാണ്.

രാഷ്ട്രീയ എതിരാളികളോടുളള ബിജെപി സർക്കാറിൻ്റെ പകവീട്ടൽ ഉപകരണമായി കോൺഗ്രസ്സ് ദേശീയ നേതൃത്വം പ്രഖ്യാപിച്ച ഇഡിയുടെ ഒരു ലെറ്റർ മുൻ നിർത്തി, മുൻ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസെടുത്താൽ, അത് തീർച്ചയായും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് കോൺഗ്രസ്സിനും യുഡിഎഫിനും ഉണ്ടാക്കാൻ പോകുന്നത്. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

ഇതോടെ, മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ തിരക്കിട്ട് ഫോൺവഴി ഒരു കൂടിയാലോചന നടത്തിയിട്ടുണ്ട്. ഇവരുടെ കൂടി നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ കത്തിൽ നിയമോപദേശം തേടുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇഡി നിർദ്ദേശ പ്രകാരം പൊലീസ്, പ്രതിപക്ഷ നേതാവായ പിണറായിക്കും റിയാസിനും വീണയ്ക്കും എതിരെ കേസെടുത്താൽ, പിന്നെ ഇവരെ ഇഡി കേസിൽ പ്രതികളാക്കി ജയിലിൽ അടക്കാൻ വരെ വേണമെങ്കിൽ കേന്ദ്രത്തിന് സാധിക്കും.

എന്നാൽ, ഇത്തരം എന്ത് നടപടിക്ക് സംസ്ഥാന സർക്കാർ വഴി ഒരുക്കിയാലും, അത് നാളെ , സോണിയ ഗാന്ധിയുടെ കുടുംബത്തിനും ബാധകമാകും എന്നതും ഓർത്ത് വയ്ക്കുന്നത് നല്ലതായിരിക്കും.അതേസമയം, പിണറായി വിജയൻ ഉൾപ്പെടെയുളളവർക്ക് എതിരെ ഇഡി ഉന്നയിക്കുന്ന കാര്യങ്ങൾ, നിയമപരമായി നിലനിൽക്കാത്തതാണ് എന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. ബിജെപി നേതാവായ ഷോൺ ജോർജും, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും , കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി എടുപ്പിച്ച നടപടിയാണ് ഇതെന്നാണ്, സി.പി.എം ആരോപിക്കുന്നത്.ഈ ആരോപണത്തിലെ വസ്തുത എന്ത് തന്നെ ആയാലും, ഒരു കാര്യം ഉറപ്പാണ്, കേരളത്തിലെ ബിജെപി പ്രോജക്റ്റ് ഓൺ ആയി കഴിഞ്ഞു. അതിൻ്റെ സൂചനയാണ് ഈ കാണുന്നത്. ഷോൺ ജോർജിൻ്റെ ഇടപെടൽ അതിന് ഒരു നിമിത്തമായി എന്നു മാത്രം.

2031-ൽ, കേരള ഭരണം പിടിക്കുക എന്നതാണ്, ബിജെപി പ്രോജക്റ്റ്. ഇതിന് അവർക്ക് ആദ്യം തകർക്കേണ്ടത് ഇടതുപക്ഷ വോട്ട് ബാങ്കാണ്. കേരളത്തിലെ ഹിന്ദു വിഭാഗങ്ങൾ ഏറ്റവും അധികം പിന്തുണയ്ക്കുന്ന പാർട്ടി എന്ന നിലയിൽ, സി.പി.എമ്മിനെ തകർക്കാതെ, ഒരിക്കലും കേരളത്തിൻ ബിജെപി ലക്ഷ്യം കാണുകയില്ല. ഇത് മനസ്സിലാക്കിയ ബിജെപി ദേശീയ നേതൃത്വം, സി.പി.എമ്മിൻ്റെ വിശ്വാസ്യത കളയാനാണ്, കഴിഞ്ഞ കുറേ കാലങ്ങളായി ശ്രമിക്കുന്നത്. അതിൻ്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് ഇഡി വഴി ഇപ്പോൾ നടത്തിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.

See also  സമാധാനത്തിനായി അമേരിക്ക ഓടിയെത്തിയപ്പോൾ യുദ്ധം വീണ്ടും കനത്തു; റഷ്യ–യുക്രെയ്ൻ പോരാട്ടത്തിൽ നിർണായക മണിക്കൂറുകൾ

10 വർഷം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന, കേരളത്തിലെ ഏറ്റവും വലിയ രാഷ്ടീയ പാർട്ടിയുടെ ഏറ്റവും പ്രധാന നേതാവായ പിണറായി വിജയന് എതിരെ, ഇത്തരം ഒരു നിലപാട് ഇഡി സ്വീകരിക്കുന്നതിന് മുൻപ് , ചുമതലപ്പെട്ട ഉന്നത ഉദ്ദ്യോഗസ്ഥർ തീർച്ചയായും, കേന്ദ്രത്തിൻ്റെയും അനുമതി തേടിയിട്ടുണ്ടാകും. അങ്ങനെ ഒരു അനുമതി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാതെ, ഇത്തരം ഒരു കത്ത് സംസ്ഥാന പൊലിസ് മേധാവിക്ക് ഇഡി ഉദ്ദ്യോഗസ്ഥർ നൽകുകയുമില്ല.

സംസ്ഥാന സർക്കാർ , പിണറായി ഉൾപ്പെടയുള്ള മൂന്ന് പേർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഇടപെട്ടില്ലങ്കിൽ ഇഡി തന്നെ, ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇനി നമുക്ക് ഇഡി നൽകിയ കത്തിലെ പിഎംഎൽഎ 66(2) വകുപ്പ് എന്താണ് എന്നത് പരിശോധിക്കാം

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തുന്ന വിവരങ്ങളിൽ, മറ്റ് നിയമങ്ങളുടെ ലംഘനം കണ്ടെത്തിയാൽ, ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറാൻ ഇഡിക്ക് അധികാരം നൽകുന്നതാണ് കള്ളപ്പണ നിരോധന നിയമത്തിലെ ഈ പറയുന്ന 66(2) വകുപ്പ്.

ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ ആണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും വീണയുടെ ഭർത്താവായ മുഹമ്മദ് റിയാസിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇപ്പോൾ കേരള പോലീസ് മേധാവിക്ക് കത്ത് നൽകിയിരിക്കുന്നത്. കേരള ഡിജിപിക്ക് ഇഡി നൽകുന്ന വിവരങ്ങൾ സംസ്ഥാന പോലീസിന്റെ തുടർനടപടികൾക്കും ഏറെ നിർണായകമായിരിക്കും.

കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഇഡിയുടെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിൽ, കള്ളപ്പണ നിരോധന നിയമത്തിന് പുറമെ, മറ്റേതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഡയറക്ടർക്ക് ബോധ്യപ്പെട്ടാൽ, ആവശ്യമായ നടപടിക്കായി ബന്ധപ്പെട്ട ഏജൻസിക്ക് ആ വിവരം കൈമാറണം എന്നതാണ് നിയമം.

അതായത്, ഇഡിയുടെ അന്വേഷണത്തിൽ അഴിമതി, വഞ്ചന, ഗൂഢാലോചന തുടങ്ങിയ പിഎംഎൽഎയ്ക്ക് പുറത്തുള്ള കുറ്റകൃത്യങ്ങളുടെ സൂചന ലഭിച്ചാൽ, അതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസിനോ മറ്റ് നിയമനടപടി സ്വീകരിക്കേണ്ട ഏജൻസിക്കോ വിവരം കൈമാറാം എന്നതാണ് രീതി.

ഇഡി വിവരം കൈമാറിയതുകൊണ്ടുമാത്രം അടിസ്ഥാന കുറ്റം നിയമപരമായി രൂപപ്പെടുന്നില്ലന്നതും നാം മനസ്സിലാക്കണം. ഇക്കാര്യം ഡൽഹി ഹൈക്കോടതി ഒരു വിധിയിൽ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

See also  ഹോർമുസിൽ സൗദി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 16 ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാൻ നേവി | Strait of Hormuz attack

66(2) വകുപ്പ് പ്രകാരം വിവിധ ഏജൻസികൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ കഴിയുമെങ്കിലും, വിവരം കൈമാറിയതുകൊണ്ടു മാത്രം ഷെഡ്യൂൾ ഒഫൻസ് /പ്രെഡിക്കേറ്റ് ഒഫൻസ് ക്രിസ്റ്റലൈസ് ചെയ്യുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അത് ബന്ധപ്പെട്ട പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിലാണ് നിയമപരമായ കുറ്റമായി രൂപം പ്രാപിക്കാറുള്ളത്.

അതായത്, കേരള ഡിജിപിക്ക് ഇഡി നൽകിയ കത്തിലെ തുടർ നടപടികൾ ആണ് നിർണായകമായി വരിക. രേഖകളും തെളിവുകളും പരിശോധിച്ച് അഴിമതി നിരോധന നിയമപ്രകാരം കുറ്റം നിലനിൽക്കുമോയെന്ന് സ്വതന്ത്രമായി വിലയിരുത്തേണ്ടതുണ്ട്. കുറ്റത്തിന്റെ പ്രാഥമിക വസ്തുതകൾ ലഭ്യമാണെന്ന് കണ്ടെത്തിയാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കഴിയും.

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബുപേഷ് ബാഗേൽ ഉൾപ്പെട്ട മഹാദേവ് ബെറ്റിങ് ആപ്പ് കേസിലാണ് ഇതിന് മുമ്പ് കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഒരു മുൻ മുഖ്യമന്ത്രിക്ക് എതിരായ തെളിവുകൾ, സംസ്ഥാന പൊലീസിന് ഇഡി കൈമാറിയിരുന്നത്.

ഇഡി നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും രേഖകളും 66(2) വകുപ്പ് പ്രകാരം ഛത്തീസ്ഗഢ് ഇക്കണോമിക് ഒഫൻസസ് വിങ്, ആൻ്റി കറപ്ഷൻ ബ്യൂറോയ്ക്കാണ് കൈമാറിയിരുന്നത്. തുടർന്ന് 2024 മാർച്ച് നാലിന് കേസ് രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് അവിടെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ഇത്തരം ഒരു സാഹചര്യം കേരളത്തിലും സൃഷ്ടിക്കാനാണ് കേന്ദ്ര സർക്കാറും ഇഡിയും ശ്രമിക്കുന്നത്. മാത്യു കുഴൽ നാടനെ പോലെയുള്ള പിണറായി വിരുദ്ധരായ എംഎൽഎമാരും, പിണറായിയെ പൂട്ടാൻ ലഭിക്കുന്ന അവസരം പാഴാക്കരുത് എന്ന നിലപാടുകാരാണ്.

എന്നാൽ, മുസ്ലിംലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിലെ ഘടക കക്ഷികളും മുതിർന്ന കോൺഗ്രസ്സ് നേതാക്കളും വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളത്. നാളെ ഇഡിയുടെ കുന്തമുന തങ്ങൾക്ക് എതിരെയും തിരിയുമെന്ന നല്ല ബോധ്യം അവർക്കുമുണ്ട്. കരിമണൽ കർത്തയുടെ ലിസ്റ്റ് പരിശോധിച്ചാൽ, അതിൽ ഇപ്പോൾ ഭരണത്തിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ട് എന്നത് നാടിന് അറിയാവുന്ന യാഥാർത്ഥ്യം തന്നെയാണ്.

അതേസമയം, 66 (2) വകുപ്പ് പ്രകാരം കേസിൽ പ്രതികളാകേണ്ട ബിജെപി നേതാക്കളെയും യു ഡി എഫ് നേതാക്കളെയും ഒഴിവാക്കി, സി. പി. എം നേതാക്കളെ വേട്ടയാടുന്നതിൻ്റെ രാഷ്ട്രീയമാണ് , ഇഡിയുടെ പുതിയ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സി പി എം വ്യാപകമായി ചർച്ചയാക്കാൻ ശ്രമിക്കുന്നത്.

EXPRESS KERALA VIEW

The post മാസപ്പടി കേസിൽ കളിമാറുന്നു; പിണറായിയെ ലക്ഷ്യമിട്ട് ED നീക്കം, കോൺഗ്രസിനും രാഷ്ട്രീയ കുരുക്ക് appeared first on Express Kerala.

Spread the love