കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; തിരുവനന്തപുരം സ്വദേശി മലപ്പുറത്ത് അറസ്റ്റിൽ | Malappuram cyber crime


മലപ്പുറം: മലബാർ മേഖലയിലെ കോളജ് വിദ്യാർഥിനികളുടേതടക്കമുള്ള ചിത്രങ്ങൾ മോർഫ് ചെയ്ത് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ (Malappuram cyber crime). തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവിനെയാണ് (26) മലപ്പുറം സൈബർ പൊലീസ് പിടികൂടിയത്.
മലപ്പുറം എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരുവനന്തപുരത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വിവിധ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.
മലപ്പുറം ജില്ലയിലെ 12ഓളം കോളജുകളിൽനിന്ന് ചിത്രങ്ങൾ മോർഫ് ചെയ്തതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ ഉൾപ്പെടെയുള്ള അധികൃതരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ടെക്നീഷ്യനായ സുബിൻ ബാബുവിലേക്ക് അന്വേഷണം എത്തിയത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിലൂടെ പ്രതിക്ക് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ വ്യാപ്തി എത്രയാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: A 26-year-old mobile technician from Thiruvananthapuram was arrested in Malappuram for allegedly morphing and circulating photographs of college students through fake Instagram accounts. Police received complaints from around 12 colleges and suspect that the accused gained financially from the activity.

