50,000ലേറെ പൊലീസുകാര്‍, 12 തടങ്കല്‍ കേന്ദ്രങ്ങള്‍, അടച്ചിട്ട് മെട്രോ സ്റ്റേഷനുകള്‍; സമരത്തെ നേരിടാന്‍ വന്‍ സന്നാഹം

Current: മലയാളം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഇന്ന് അഹ്വാനം ചെയ്ത ജന്തര്‍ മന്തര്‍ 2.0 സമരത്തെ നേരിടാന്‍ സര്‍വസന്നാഹവുമായി ഡല്‍ഹി പൊലീസ്.
സമരത്തെ നേരിടാനായി മാത്രം 50,000ല്‍ ഏറെ പൊലീസുകാരെയാണ് നഗരത്തില്‍ അധികമായി വിന്യസിച്ചിരിക്കുന്നത്.
സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി 12 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
300 കാമറകള്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ സ്ഥാപിച്ചു. സമരക്കാർ എത്തുന്നത് തടയാൻ 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുമുണ്ട്.
ജന്തര്‍ മന്തറിലേക്ക് എത്താനുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്.
ജമ്മു-കശ്മീരില്‍ നിന്നും ഛത്തിസ്ഗഢിലെ നക്സല്‍ ബാധിത മേഖലകളില്‍ നിന്നും അമര്‍നാഥ് യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച സംഘങ്ങളില്‍ നിന്നും വരെ പിന്‍വലിച്ച 20,000ലേറെ സിആര്‍പിഎഫ് ജവാന്മാരെ ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുകയാണ്.
ജന്തര്‍ മന്തറിന് ചുറ്റും നിരോധനാജ്ഞയുണ്ട്.
ഇവിടേക്കുള്ള മിക്ക പാതകളിലും ബാരിക്കേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയിലെ രണ്ട് സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെയാണ് താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ പൊലീസ് സാന്നിധ്യമുണ്ട്.
45 മെട്രോ സ്റ്റേഷനുകളിലാണ് നിലവില്‍ പ്രവേശനം നിരോധിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളിലിറങ്ങുന്ന മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ നല്കാന് പൊലീസ് നിര്‍ദേശിച്ചിരിക്കുകയാണ്.






