Skip to content
November 10, 2026
⌕

തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ട് കക്കുന്ന മോദി ഭരണകൂടം ‘ഗുണ്ടാ സർക്കാർ’ എന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രതിപക്ഷം ഒന്നിച്ചാൽ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാമെന്നും ഓർമ്മപ്പെടുത്തൽ. പ്രതികരണം എം.വി.ആർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട്

November 9, 2026
Share this post to

കണ്ണൂർ: തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്ത് രാജ്യത്തെ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം കവർന്നെടുക്കുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണകൂടത്തെ ‘ഗുണ്ടാ സർക്കാർ’ എന്ന് വിളിക്കുന്നതാണ് ഉചിതമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.

എന്ത് തെറ്റ് ചെയ്താലും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്ക് നിയമപരമായ സംരക്ഷണം ഒരുക്കി നൽകുന്ന വിചിത്രമായ രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എം.വി.ആർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്നാൽ ഫാഷിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാൻ സാധിക്കുമെന്ന് സമീപകാല ജനകീയ പ്രക്ഷോഭങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് എം.എ. ബേബി അഭിപ്രായപ്പെട്ടു.

പുതുതലമുറയായ ‘ജെൻ സി’കളുടെ (Gen Z) പോരാട്ടവീര്യത്തിൽ ഡൽഹിയിലെ ജന്തർ മന്തർ തിളച്ചുയരുകയാണ്. പാർലമെന്റ് പാസാക്കിയ മൂന്ന് കർഷകദ്രോഹ നിയമങ്ങളെ ചരിത്രപ്രസിദ്ധമായ കർഷക സമരത്തിലൂടെ അതേ പാർലമെന്റ് പ്രത്യേകമായി വിളിച്ചുകൂട്ടി പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതരായത് നാം കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കണ്ണൂർ ചേംബർ ഹാളിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങ് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം മുൻ എം.പി പാട്യം രാജൻ എം.എ. ബേബിക്ക് സമ്മാനിച്ചു.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാർ, എം.എച്ച്. ഷാരിയർ, എം.വി. നികേഷ് കുമാർ, പ്രൊഫ. ഇ. കുഞ്ഞിരാമൻ, സി.വി. ശശീന്ദ്രൻ, പി.വി. വത്സൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

തനിക്ക് ലഭിച്ച ഒരു ലക്ഷം രൂപയുടെ പുരസ്കാരത്തുക അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സ്മാരക ഫൗണ്ടേഷനും ‘ലെഫ്റ്റ് വ്യൂസ്’ പോർട്ടലിനുമായി വീതിച്ചു നൽകുന്നതായി എം.എ. ബേബി വേദിയിൽ പ്രഖ്യാപിച്ചു.

Get more updates from Pudukad News on Google