തെളിവ് നശിപ്പിക്കാൻ ഫാമിൽ തീയിട്ടു; കുവൈത്തിനെ ഞെട്ടിച്ച കൊലപാതകത്തിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ


കുവൈത്തിലെ അൽ-സാൽമി മേഖലയിൽ ആടുവളർത്തൽ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. ഗൾഫ് പൗരനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ ഫാമിൽ തീയിട്ട ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അൽ-ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഗൾഫ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്.
സാധാരണ തീപിടിത്തത്തിൽ ഉണ്ടാകുന്ന മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫാമിലെ സാഹചര്യങ്ങൾ അന്വേഷണ സംഘത്തിന് സംശയമുണർത്തി. കൊല്ലപ്പെട്ടയാളുടെ വാഹനത്തിനുള്ളിൽ രക്തക്കറ കണ്ടെത്തിയതാണ് കേസിൽ നിർണായക വഴിത്തിരിവായത്. തീപിടിത്തത്തിന് മുൻപ് തന്നെ കൊലപാതകം നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് നടത്തിയ വിശദമായ തിരച്ചിലിൽ ഇയാളുടെ വസ്ത്രങ്ങളും വ്യക്തിഗത വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തെളിവുകൾ ബോധപൂർവം നശിപ്പിക്കാൻ ശ്രമം നടന്നതായി ഉറപ്പിച്ച അന്വേഷണ സംഘം, ഫാമിലെ സുരക്ഷാ ജീവനക്കാരനായ ബംഗ്ലാദേശ് സ്വദേശിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
The post തെളിവ് നശിപ്പിക്കാൻ ഫാമിൽ തീയിട്ടു; കുവൈത്തിനെ ഞെട്ടിച്ച കൊലപാതകത്തിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ appeared first on Express Kerala.

