തമിഴ്നാട്ടിൽ ദാരുണ റോഡപകടം; അമിതവേഗത്തിലെത്തിയ മിൽക്ക് വാൻ ഇടിച്ച് റോഡരികിൽ കളിച്ചിരുന്ന നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായി | Tamil Nadu accident


ധർമപുരി: തമിഴ്നാട്ടിലെ ധർമപുരിയിൽ അമിതവേഗത്തിലെത്തിയ മിൽക്ക് വാൻ ഇടിച്ച് നാല് കുട്ടികൾ മരിച്ചു (Tamil Nadu accident). റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദാരുണ സംഭവം. ബന്ധുവിനൊപ്പം ആടുമേയിക്കാൻ എത്തിയ കുട്ടികൾ സമീപത്തെ റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അമിതവേഗത്തിൽ എത്തിയ മിൽക്ക് വാൻ കുട്ടികളെ ഇടിച്ചുതെറിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ നാല് കുട്ടികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. സമീപത്തുണ്ടായിരുന്ന ഒരാൾക്കും ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടതിനെ തുടർന്ന് ബോധരഹിതയായ കുട്ടികളുടെ ബന്ധുവായ അഞ്ചമ്മാളിനെയും പരിക്കേറ്റയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ ശരവണകുമാറിനെ വടമധുരൈ പൊലീസ് അറസ്റ്റ് ചെയ്തു.
മനഃപൂർവമല്ലാത്ത നരഹത്യ, അമിതവേഗത്തിൽ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
Four children were killed after a speeding milk van allegedly hit them while they were playing near a road in Tamil Nadu’s Dharmapuri. The driver, who allegedly fled the scene, was later traced and arrested by police.

