ഇനി സംഘപരിവാർ ബാബറുടെ പേര് ഉപയോഗിക്കുമോ? ഉസ്ബെക്കിസ്ഥാൻ പുരസ്കാരത്തിൽ മോദിയെ പരിഹസിച്ച് ഒവൈസി


ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച അന്താരാഷ്ട്ര ബഹുമതിയെ രാഷ്ട്രീയ ആയുധമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. ബാബർ ഉയര്‍ന്നുവന്ന രാജ്യത്തുനിന്നും പ്രധാനമന്ത്രിക്ക് ആദരവ് ലഭിച്ച സാഹചര്യത്തിൽ, പ്രതിപക്ഷത്തെ ലക്ഷ്യമിടാൻ ബിജെപിക്കും സംഘപരിവാറിനും ഇനി എങ്ങനെ ബാബറുടെ പേര് ഉപയോഗിക്കാനാകുമെന്നാണ് ഒവൈസി ചോദിക്കുന്നത്.
ഉസ്ബെക്കിസ്ഥാനിലെ പരമോന്നത ബഹുമതിയായ ‘ഓലി ദരാജലി ദസ്ത്ലിക്’ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതിന് പിന്നാലെയാണ് ഹൈദരാബാദ് എംപിയുടെ പരാമർശം. ബിജെപിയെ അഭിനന്ദിക്കുന്നതായും ബാബർ ഇന്ത്യയിലേക്ക് വന്ന അതേ രാജ്യം തന്നെ പ്രധാനമന്ത്രിയെ ആദരിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബാബർ ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ഫെർഗാന താഴ്വരയിൽ നിന്നുള്ളയാളാണെന്ന് ചൂണ്ടിക്കാട്ടിയ ഒവൈസി, വിദേശ സന്ദർശന വേളകളിൽ ബഹുമതികൾ സ്വീകരിക്കുന്നത് മോദിയെ സംബന്ധിച്ചിടത്തോളം ഒരു പതിവ് കാര്യമായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ‘ബാബറിന്റെ പേര് പറഞ്ഞ് നിങ്ങൾ എത്രയോ തവണ അധിക്ഷേപിച്ചിട്ടുണ്ട്. എന്നിട്ടും, അതേ രാജ്യത്തെ ജനങ്ങൾ ഇപ്പോൾ നിങ്ങൾക്ക് ഒരു പുരസ്കാരം നൽകി ആദരിക്കുകയാണ്,’ എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറും ആർഎസ്എസും ഇനി ബാബറുടെ പേര് ഇത്തരത്തിൽ പരാമർശിക്കില്ലെന്ന് കരുതുന്നതായും ഒവൈസി വ്യക്തമാക്കി.
Also Read:ഹൽദ്വാനി ശുദ്ധീകരണ വിവാദം; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പോലീസ്
മധ്യേഷ്യൻ രാജ്യമായ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് രാജ്യത്തെ വിദേശ നേതാക്കൾക്കുള്ള പരമോന്നത ബഹുമതിയായ ‘ഒലി ദരാജലി ദോസ്ത്ലിക്’ ഓർഡർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ മാനിച്ചാണ് ഈ ആദരവ്. പുരസ്‌കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന് ഇത് സമർപ്പിക്കുന്നുവെന്നും നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നേതൃപാടവത്തിനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലെ സംഭാവനകൾക്കും അംഗീകാരമായി മുപ്പതോളം രാജ്യങ്ങളാണ് ഇതിനോടകം പ്രധാനമന്ത്രി മോദിക്ക് ഉയർന്ന ഭരണകൂട-സിവിൽ ബഹുമതികൾ നൽകിയിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിൽ ഇന്തോനേഷ്യ തങ്ങളുടെ പരമോന്നത സിവില്‍ ബഹുമതിയായ ‘ബിന്‍താങ് അദിപുര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’യും, ജൂണിൽ സീഷെൽസ് ‘ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍’ ബഹുമതിയും മോദിക്ക് സമ്മാനിച്ചിരുന്നു. റഷ്യയുടെ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്തല്‍’, അമേരിക്കയുടെ ‘ലീജിയന്‍ ഓഫ് മെറിറ്റ്’, ഇസ്രായേലിന്റെ ‘മെഡല്‍ ഓഫ് ദി നെസെറ്റ്’ തുടങ്ങിയ പ്രധാന പുരസ്കാരങ്ങളും നേരത്തെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
The post ഇനി സംഘപരിവാർ ബാബറുടെ പേര് ഉപയോഗിക്കുമോ? ഉസ്ബെക്കിസ്ഥാൻ പുരസ്കാരത്തിൽ മോദിയെ പരിഹസിച്ച് ഒവൈസി appeared first on Express Kerala.

