ലഹരിക്കെതിരെ ജാഗ്രതയുണർത്തി ‘തൂഫാൻ റൺ എഗൈൻസ്റ്റ് ഡ്രഗ്സ്’: സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ അണിനിരന്നു
വെള്ളിക്കുളങ്ങര: ലഹരിക്കെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ കാമ്പയിന്റെ ഭാഗമായി വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് “തൂഫാൻ റൺ എഗൈൻസ്റ്റ് ഡ്രഗ്സ്” കൂട്ടയോട്ടം സംഘടിപ്പിച്ചു. ചെമ്പുച്ചിറ ജി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആവേശത്തോടെ കൂട്ടയോട്ടത്തിൽ അണിനിരന്നു.
വെള്ളിക്കുളങ്ങര എസ്.എച്ച്.ഒ. അഭിലാഷ് ടി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി മാഫിയകൾക്കെതിരെയും ലഹരി ഉപഭോഗത്തിനെതിരെയും സർക്കാർ നടത്തുന്ന ശക്തമായ പോരാട്ടത്തിൽ യുവതലമുറയെ, പ്രത്യേകിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ബോധവൽക്കരിക്കേണ്ടതിന്റെയും അവരുടെ സജീവ പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ സീനിയർ അധ്യാപിക ഗീത കെ.ജി, എ.എസ്.ഐ. സുനിൽകുമാർ, ഡി.ഐ. മഞ്ജു പി.എം, ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ സുരേഷ് കടുപ്പശ്ശേരിക്കാരൻ, സി.പി.ഒ. അജിത പി.കെ, എ.സി.പി.ഒ. വിസ്മി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.






