തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ സബ്മിഷന് മറുപടി : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് അധിക ജീവനക്കാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കുമെന്ന് മന്ത്രി മുരളീധരൻ ; ജീവനക്കാർക്കും മന്ത്രിയുടെ പ്രശംസ
ഇരിങ്ങാലക്കുട : ജനറൽ ആശുപത്രിക്ക് അധിക ജീവനക്കാരെയും സ്പെഷ്യാലിറ്റി വിഭാഗങ്ങളും അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനം, ആധുനിക ചികിത്സാ സംവിധാനങ്ങൾ, ഗുണനിലവാര സർട്ടിഫിക്കേഷനുകൾ, ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ എന്നിവയിലൂടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കൂടുതൽ മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള നിർദ്ദേശം ധനകാര്യ വകുപ്പിന്റെ അനുമതിക്കായി നൽകിയിട്ടുണ്ട്. മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തേഷ്യ, ഓർത്തോ എന്നീ വിഭാഗങ്ങളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് ഡയറക്ടറിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മികവിന്റെ കേന്ദ്രമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മാറുകയാണെന്നും ആശുപത്രിയുടെ പ്രത്യേക പ്രാധാന്യം പരിഗണിച്ച് വിവിധ സർട്ടിഫിക്കേഷനുകൾ നേടുന്നതിൽ ജീവനക്കാരുടെ ഭാഗത്തു നിന്നും നല്ല പ്രവർത്തനമാണ് ഉണ്ടാകുന്നതെന്നും മന്ത്രി പ്രശംസിച്ചു.




