September 2, 2026

ഗൾഫിലേക്ക് മടങ്ങാൻ നെട്ടോട്ടം; കൊള്ളവില ഈടാക്കി വിമാനക്കമ്പനികൾ, പ്രവാസികൾക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്ക്

ഗൾഫിലേക്ക് മടങ്ങാൻ നെട്ടോട്ടം; കൊള്ളവില ഈടാക്കി വിമാനക്കമ്പനികൾ, പ്രവാസികൾക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്ക്

വധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി വിമാനക്കൂലി കുത്തനെ ഉയർന്നു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കാനിരിക്കെ കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരട്ട് എവറസ്റ്റ് ഉയരത്തിലാണ്. കൊച്ചി–ദുബായ്, കോഴിക്കോട്–അബുദാബി തുടങ്ങിയ പ്രധാന സെക്ടറുകളിൽ ഇന്നത്തെ വൺവേ നിരക്ക് 72,000 രൂപ കടന്നു. ഒരു കുടുംബത്തിലെ മൂന്നോ നാലോ പേർ ഒമിച്ച് മടങ്ങുമ്പോൾ ടിക്കറ്റിനായി മാത്രം രണ്ടര ലക്ഷം രൂപയിലധികം നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

മധ്യവേനൽ അവധിയും ഓണാവധിയും ആഘോഷിച്ച് ഗൾഫിലേക്ക് മടങ്ങുന്നവരുടെ തിരക്ക് ഒരുമിച്ചെത്തിയതാണ് നിരക്കിൽ വലിയ വർധനവുണ്ടാകാൻ കാരണം. യുഎഇയിൽ മാത്രം 12.77 ലക്ഷത്തിലേറെ വിദ്യാർഥികളാണ് തിങ്കളാഴ്ച സ്കൂളുകളിലേക്ക് മടങ്ങുന്നത്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ രക്ഷിതാക്കൾക്ക് ഈ ദിവസങ്ങളിൽ തന്നെ മടങ്ങേണ്ടി വരുന്നത് വിമാനക്കമ്പനികൾ ചൂഷണം ചെയ്യുകയാണ്. കോഴിക്കോട്–ദുബായ് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് വൺവേ നിരക്ക് 72,773 രൂപ വരെയായി ഉയർന്നു. മറ്റ് എയർലൈനുകളിലും ഇന്നും നാളെയുമായി 70,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ ആദ്യവാരത്തിലേക്ക് യാത്ര മാറ്റുന്നവർക്ക് നിരക്ക് അൽപം കുറയുമെങ്കിലും സ്കൂൾ തുറക്കുന്ന തീയതി മാറ്റാനാകാത്തതിനാൽ പലർക്കും ഉയർന്ന നിരക്ക് നൽകുകയല്ലാതെ മറ്റു പോവഴികളില്ല.

Also Read:ദുബായ് വിമാനത്താവളത്തിൽ ഇനി ചെരിപ്പും ബെൽറ്റും അഴിച്ചുമാറ്റേണ്ട? സുരക്ഷാ പരിശോധനയിൽ വൻ മാറ്റം

നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റുകൾ ലഭ്യമല്ലാത്തതും പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് ഒരേ വിമാനത്തിൽ മുഴുവൻ സീറ്റുകളും കിട്ടാത്തതിനാൽ പലരും വ്യത്യസ്ത സർവീസുകളെയോ ഉയർന്ന നിരക്കിലുള്ള കണക്ഷൻ വിമാനങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നു. ഇതിനിടയിൽ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് യുഎഇയിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കപ്പെട്ടതും യാത്രാക്കുരുക്ക് ഇരട്ടിയാക്കി. സർവീസ് റദ്ദാക്കലിനെ തുടർന്ന് അവസാന നിമിഷം പുതിയ ടിക്കറ്റുകൾ കണ്ടെത്തേണ്ടി വന്നവർ ഇരട്ടി തുകയാണ് നൽകേണ്ടി വന്നത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തവരും അവസാന നിമിഷം യാത്രാ തിയതി മാറ്റാൻ കഴിയാത്തവരുമായ സാധാരണക്കാരായ പ്രവാസികളാണ് നിലവിലെ ഉയർന്ന വിമാനക്കൂലി കാരണം ഏറ്റവും അധികം ദുരിതത്തിലായിരിക്കുന്നത്.

See also  ഫുഡ് ഡെലിവറിയുടെ മറവിൽ മദ്യവിൽപന; മട്ടാഞ്ചേരിയിൽ ഡെലിവറി ബോയി 42 കുപ്പി മദ്യവുമായി പിടിയിൽ

The post ഗൾഫിലേക്ക് മടങ്ങാൻ നെട്ടോട്ടം; കൊള്ളവില ഈടാക്കി വിമാനക്കമ്പനികൾ, പ്രവാസികൾക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്ക് appeared first on Express Kerala.

Spread the love