മമ്മൂട്ടിയല്ലേ പുള്ളേ..! ഒരു കൈ മാത്രം, പക്ഷേ സോഷ്യൽ മീഡിയയിൽ തീപിടിച്ചു; പുതിയ ചിത്രത്തിന് വൻ ഹൈപ്പ്

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നിന്നുള്ള ഒരു ചെറിയ ദൃശ്യം മാത്രമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ച. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റർടെയ്നറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയാണ് മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. വീഡിയോയുടെ അവസാനത്തിൽ മമ്മൂട്ടിയുടെ ഒരു കൈ മാത്രമാണ് കാണിക്കുന്നത്. ഈ ദൃശ്യം മമ്മൂട്ടി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചതോടെ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. ഇതുവരെ കമ്പനി നിർമിച്ച ചിത്രങ്ങളിൽ ഏറ്റവും വലുതായിരിക്കും ഇതെന്നാണ് സൂചന. എന്നാൽ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തിന്റെ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ‘വരാനിരിക്കുന്നതിനായുള്ള കാത്തിരിപ്പ് കുറയുന്നു’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി പിന്നണിദൃശ്യം പങ്കുവെച്ചത്.
ALSO READ:പല നടിമാർക്കും അസൂയ..! അഞ്ചാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിൽ; ഇന്ന് ‘ടോക്സിക്’ സംവിധായിക: ഗീതു മോഹൻദാസിന്റെ സിനിമാ യാത്ര ഇങ്ങനെ
തീയുടെ ഇമോജികളുമായി ആരാധകർ പോസ്റ്റിന് താഴെ പ്രതികരിച്ചപ്പോൾ, ‘മൂത്തോൻ വരുന്നു’, ‘ഫസ്റ്റ്ലുക്ക് എത്രയും പെട്ടെന്ന് ഇറക്കൂ’, ‘തിയേറ്റർ ബ്ലാസ്റ്റ്’, ‘തമിഴ്നാട്-കേരള ബോർഡറിലെ ലോക്കൽ ഗുണ്ടാ അടി പടം’ തുടങ്ങിയ കമന്റുകളും എത്തി. ചിത്രത്തിൽ ആക്ഷൻ, കോമഡി, മാസ് ഘടകങ്ങൾ ഉൾപ്പെടുത്തി എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ള മെഗാകാൻവാസ് ഒരുക്കുന്നുവെന്നാണ് റിപ്പോർട്ട്. ജൂലൈ അവസാനം തമിഴ്നാട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്.
നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. താരനിരയുടെയും മറ്റ് സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്തുവിടും. ‘കളങ്കാവൽ’ന് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മമ്മൂട്ടിയുടെ ഒരു കൈ മാത്രം പുറത്തുവിട്ടതോടെ ഇത്രയേറെ ചർച്ചയായെങ്കിൽ, ഇനി ഫസ്റ്റ്ലുക്ക് എത്തുമ്പോൾ എന്താകും കാത്തിരിക്കുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം.
The post മമ്മൂട്ടിയല്ലേ പുള്ളേ..! ഒരു കൈ മാത്രം, പക്ഷേ സോഷ്യൽ മീഡിയയിൽ തീപിടിച്ചു; പുതിയ ചിത്രത്തിന് വൻ ഹൈപ്പ് appeared first on Express Kerala.

