നേപ്പാൾപ്രളയത്തിൽ തകർന്ന റസുവഗാധി ജലവൈദ്യുത പദ്ധതിയിലെ ടണലിൽ തിരച്ചിൽ പൂർത്തിയായി; ആരെയും കണ്ടെത്താനായില്ല | Rasuwagadhi Hydropower Project


കാഠ്മണ്ഡു: പ്രളയത്തിൽ തകർന്ന റസുവഗാധി ജലവൈദ്യുത പദ്ധതിയിലെ ടണലിൽ നടത്തിയ തിരച്ചിൽ പൂർത്തിയായി. ടണലിനുള്ളിൽ ആരെയും കണ്ടെത്താനായില്ലെന്ന് നേപ്പാൾ സൈന്യം അറിയിച്ചു ( Rasuwagadhi Hydropower Project). ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിലാണ് റസുവ ജില്ലയിലെ ജലവൈദ്യുത പദ്ധതി ബാധിക്കപ്പെട്ടത്. ഏകദേശം 250 മീറ്റർ നീളമുള്ള ടണലിൽ 225 മീറ്റർ വരെ രക്ഷാപ്രവർത്തകർ പരിശോധന നടത്തി. എന്നാൽ പരിശോധനയ്ക്കിടെ ആളുകളെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് സംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ടണലിന്റെ ഉള്ളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. പ്രളയത്തെ തുടർന്ന് പദ്ധതിയുടെ വിവിധ ഭാഗങ്ങളിൽ മണ്ണും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയത്.
ഭോട്ടെ കോശി നദിയിലെ പ്രളയത്തെ തുടർന്ന് റസുവ മേഖലയിലെ ജലവൈദ്യുത പദ്ധതികൾക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാണാതായവർക്കായി വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.
Summary: A search operation inside the tunnel of Nepal’s Rasuwagadhi Hydropower Project has been completed, with no people found inside. Army personnel searched 225 metres of the approximately 250-metre-long tunnel and also used a drone to assess the area.

