കാൽനടയാത്രക്കാരനെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയി; ലൈസൻസില്ലാത്ത യുവാവിനും വാഹന ഉടമയ്ക്കും ദുബായ് കോടതിയുടെ പിഴ


ദുബായിൽ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ രക്ഷപ്പെട്ട യുവാവിന് ട്രാഫിക് കോടതി പിഴ ചുമത്തി. അൽ റഫ്ഫാ ഏരിയയിൽ അനുവദിക്കപ്പെട്ട ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെയാണ് യുവാവ് വേഗത കുറയ്ക്കാതെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചത്. അപകടത്തിന് ശേഷം വാഹനം നിർത്താനോ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാനോ ആംബുലൻസിനെ വിളിക്കാനോ പ്രതി തയ്യാറായിരുന്നില്ല. അന്വേഷണത്തിൽ യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
വാഹനമിടിച്ചതിന് 3,000 ദിർഹവും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 2,000 ദിർഹവും ഉൾപ്പെടെ മൊത്തം 5,000 ദിർഹമാണ് ദുബായ് ട്രാഫിക് കോടതി ഇയാൾക്ക് പിഴ വിധിച്ചത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വരുത്തിയ വീഴ്ചയും, പരിക്കേറ്റയാളെ സഹായിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതും വലിയ കുറ്റങ്ങളായി കോടതി വിലയിരുത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിക്ക് ലൈസൻസില്ലെന്ന് വ്യക്തമായത്.
Also Read: യുഎഇയിൽ ഗാർഹിക തൊഴിലാളി നിയമം കർശനമാക്കി; വ്യവസ്ഥകൾ ലംഘിച്ചാൽ ഒരു കോടി ദിർഹം വരെ പിഴ
അതേസമയം, സാധുവായ ലൈസൻസില്ലെന്ന് അറിഞ്ഞിട്ടും തന്റെ വാഹനം പ്രതിക്ക് കൈമാറിയ വാഹന ഉടമയ്ക്കും കോടതി പിഴ ചുമത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ച കുറ്റത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്ക് 1,000 ദിർഹമാണ് പിഴ വിധിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയാണ് ദുബായ് കോടതി സ്വീകരിക്കുന്നത്.
The post കാൽനടയാത്രക്കാരനെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയി; ലൈസൻസില്ലാത്ത യുവാവിനും വാഹന ഉടമയ്ക്കും ദുബായ് കോടതിയുടെ പിഴ appeared first on Express Kerala.

