അതിർത്തിയിൽ ഒരു വിട്ടുവീഴ്ചയുമില്ല..! നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ പുതിയ ഭൂപട പ്രമേയത്തെ ഇന്ത്യ പിന്തുണച്ചെങ്കിലും രാജ്യത്തിന്റെ അതിർത്തികളിലോ ഭൂപടത്തിലോ ഒരു മാറ്റവും അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം കൂടുതൽ കൃത്യമായി കാണിക്കുന്ന ‘ഈക്വൽ എർത്ത്’ ഭൂപട പ്രമേയത്തിനാണ് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംബന്ധിച്ച നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങൾ രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടത്തിന് അനുസരിച്ച് മാത്രമേ ചിത്രീകരിക്കാവൂ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. തെറ്റായ രീതിയിലുള്ള ചിത്രീകരണം അംഗീകരിക്കില്ലെന്നും ഇന്ത്യയുടെ പരമാധികാരത്തിലും ഭൗമശാസ്ത്രപരമായ അഖണ്ഡതയിലുമുള്ള നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:വാർത്തകൾ അറിഞ്ഞാൽ പോരല്ലോ, ഇതും അറിയണം! യഥാർത്ഥ ശക്തികൾ ആര്? പ്രമുഖ ഇന്ത്യൻ മാധ്യമങ്ങളുടെ ഉടമസ്ഥർ
പ്രമേയം അന്താരാഷ്ട്ര അതിർത്തികളെയോ തർക്ക പ്രദേശങ്ങളെയോ സ്ഥലനാമങ്ങളെയോ ബാധിക്കുന്നതല്ലെന്നും പ്രത്യേകമായ ഒരു ഭൂപടത്തെയും അംഗീകരിക്കുന്നില്ലെന്നും യു.എന്നിലെ ഇന്ത്യൻ നയതന്ത്രജ്ഞൻ രഘു പുരി പറഞ്ഞു. പ്രമേയം സാങ്കേതികമായും രീതിശാസ്ത്രപരമായും നിഷ്പക്ഷമായിരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അക്കാദമിക് സ്ഥാപനങ്ങൾക്കും കാർട്ടോഗ്രാഫർമാർക്കും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഭൂപട പ്രൊജക്ഷൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.
ഭൂഖണ്ഡങ്ങളുടെ യഥാർഥ വലുപ്പം വ്യക്തമാക്കുന്ന സമവിസ്തൃത ഭൂപടങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് യു.എൻ ജനറൽ അസംബ്ലി സെപ്റ്റംബർ നാലിന് പ്രമേയം പാസാക്കിയത്. മെർക്കേറ്റർ പ്രൊജക്ഷൻ പോലുള്ള പരമ്പരാഗത ഭൂപട രീതികളിലെ വൈകല്യങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. പ്രമേയത്തെ 164 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. അതേസമയം, പ്രമേയത്തെ പിന്തുണച്ചത് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിലോ അതിർത്തി നിലപാടിലോ യാതൊരു മാറ്റവും സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ വിഷയത്തിലെ ആശയക്കുഴപ്പത്തിനും വ്യക്തതയായി.
The post അതിർത്തിയിൽ ഒരു വിട്ടുവീഴ്ചയുമില്ല..! നിലപാട് വ്യക്തമാക്കി ഇന്ത്യ appeared first on Express Kerala.

