കെഎസ്ആർടിസി നവീകരണത്തിന് ഐഐഎം കോഴിക്കോടും; ജീവനക്കാർക്ക് പരിശീലനം, എഐ സേവന വികസനവും | KSRTC modernization IIM Kozhikode


തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമതയും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) സഹകരിക്കും. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയും ഐഐഎം കോഴിക്കോടും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിനുള്ള നടപടികൾ ആരംഭിച്ചു (KSRTC modernization IIM Kozhikode). ഉദ്യോഗസ്ഥർക്ക് മാനേജ്മെന്റ് പരിശീലനവും നേതൃത്വ വികസനവും നൽകുന്നതിനൊപ്പം ഡ്രൈവർമാർ, കണ്ടക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ തുടങ്ങിയ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും. ആശയവിനിമയം, പെരുമാറ്റം, സുരക്ഷാബോധം എന്നിവയ്ക്കൊപ്പം സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കുള്ള യാത്രാസേവനം മെച്ചപ്പെടുത്തുന്നതും പരിശീലനത്തിന്റെ ഭാഗമാകും.
ഐടി, സാങ്കേതികം, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കും പരിശീലനം ലഭിക്കും. പരിശീലന ഫീസ്, പഠനസാമഗ്രികൾ, താമസ സൗകര്യം തുടങ്ങിയവ ഉൾപ്പെടെയുള്ള വിശദമായ പദ്ധതി ഐഐഎം കോഴിക്കോട് കെഎസ്ആർടിസിക്ക് സമർപ്പിച്ചിട്ടുണ്ട്. കെഎസ്ആർടിസി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരടും ഐഐഎം ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.
യാത്രക്കാരുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേകൾ, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം, നിർമിത ബുദ്ധി (AI), ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കെഎസ്ആർടിസിയുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം എന്നിവയിലൂടെ ഉണ്ടാകുന്ന പുതിയ ലോജിസ്റ്റിക്സ് സാധ്യതകൾ കെഎസ്ആർടിസിക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങളും നടത്തും. ഐഐഎം കോഴിക്കോട് വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അവസരവും സഹകരണത്തിന്റെ ഭാഗമായി ഒരുക്കും. മാനേജ്മെന്റ് വൈദഗ്ധ്യവും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ബസുകളുടെ ആധുനികവൽക്കരണം, കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പ്രവർത്തനങ്ങൾ, ഡിപ്പോ നവീകരണം തുടങ്ങിയ മേഖലകളിലും ഐഐഎമ്മുമായുള്ള സഹകരണം പ്രയോജനപ്പെടുത്താനാകുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ പ്രതീക്ഷ.
Summary: Kerala State Road Transport Corporation is collaborating with IIM Kozhikode to improve operational efficiency and passenger services. The partnership will focus on employee training, leadership development, AI-driven services, data analytics, online facilities and new logistics opportunities.

