സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതാണ് ഡൽഹി ദുരന്തം; നടുക്കം രേഖപ്പെടുത്തി മല്ലികാർജുൻ ഖർഗെ | Mallikarjun Kharge on Delhi building collapse


ന്യൂഡൽഹി: സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടുക്കം രേഖപ്പെടുത്തി. വിദ്യാർഥികളുടെ ജീവൻ വിലപ്പെട്ടതാണെന്നും ഡൽഹിയിലെ സുരക്ഷിതമല്ലാത്ത പി.ജി ഹോസ്റ്റലുകളുടെ ദുരവസ്ഥയാണ് ദുരന്തം തുറന്നുകാട്ടുന്നതെന്നും ഖർഗെ പറഞ്ഞു (Mallikarjun Kharge on Delhi building collapse). ഇന്നുച്ചയോടെയാണ് സത്യനികേതന് സമീപം വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുവീണത്. ഏകദേശം 40 വർഷം പഴക്കമുള്ള കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹി സർവകലാശാലയിലുൾപ്പെടെയുള്ള വിദ്യാർഥികൾ ഇവിടെ താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്. ഗുരുഗ്രാം സ്വദേശിയായ ആനന്ദ് ബൻസലാണ് കെട്ടിടത്തിന്റെ ഉടമയെന്നും സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതായും റിപ്പോർട്ടുണ്ട്. അപകടസ്ഥലം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദർശിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെട്ടിടത്തിന്റെ സുരക്ഷയും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേരത്തെ ദുഃഖം രേഖപ്പെടുത്തിയിരുന്നു. വിദ്യാർഥികൾ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും വിദ്യാർഥികളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. വിദ്യാർഥികൾ താമസിക്കുന്ന പി.ജി, ഹോസ്റ്റൽ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Summary: Congress president Mallikarjun Kharge expressed shock over the Satya Niketan building collapse in Delhi that killed three people and critically injured five. He said the tragedy highlights the unsafe conditions in PG hostels where students are forced to live.

