ഇഡി നീക്കവും സി.പി.എം വിശാല സംസ്ഥാന കമ്മിറ്റിയും പിണറായിക്ക് പ്രതിരോധമോ ആഭ്യന്തര തിരുത്തലോ? ആഭ്യന്തര തിരുത്തൽ നിർദേശങ്ങളും വിമർശനങ്ങളും ഉന്നയിക്കാൻ കാത്തിരുന്നവർക്ക് കേന്ദ്ര ഏജൻസികളുടെ നീക്കം തിരിച്ചടിയായി. പിണറായിക്കു പ്രതിരോധം തീർക്കുമ്പോഴും, ഭരണകാലത്തെ ശൈലി നേതൃതലത്തിലുണ്ടായ വീഴ്ചകൾ എന്നിവ യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കാം

കോട്ടയം: സിപിഎം ചരിത്രത്തിൽ ആദ്യമായി വിളിച്ചുചേർക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗം ഈ മാസം 13 മുതൽ ആരംഭിക്കാനിരിക്കെ, പാർട്ടിയിൽ ഉയരുന്ന രാഷ്ട്രീയ സമവാക്യങ്ങളും കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളും നിർണായക ചർച്ചകൾക്ക് വഴിയൊരുക്കുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന വാദം ശക്തമാക്കി പാർട്ടിയിൽ പ്രതിരോധ തരംഗം തീർക്കാനാണ് ഔദ്യോഗിക നേതൃത്വം ശ്രമിക്കുന്നത്.
ഇഡി നടപടികളെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലായി ചിത്രീകരിച്ച് അണികളെ വൈകാരികമായും രാഷ്ട്രീയമായും ഒന്നിച്ചു നിർത്താൻ പോളിറ്റ് ബ്യൂറോയും സംസ്ഥാന നേതൃത്വവും ഒരുപോലെ മുന്നോട്ടുവന്നിട്ടുണ്ട്.
ആക്രമിക്കപ്പെടുന്ന ഘട്ടത്തിൽ പാർട്ടി നേതൃത്വത്തിന് പിന്നിൽ അണിനിരക്കുക എന്ന സ്വാഭാവിക ശൈലി പിണറായിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു.
ആഭ്യന്തര തിരുത്തൽ നിർദേശങ്ങളും വിമർശനങ്ങളും ഉന്നയിക്കാൻ കാത്തിരുന്ന വിഭാഗങ്ങൾക്ക് കേന്ദ്ര ഏജൻസികളുടെ നീക്കം താൽക്കാലിക തിരിച്ചടിയായി.
പാർട്ടി പുറത്തുനിന്നുള്ള കടുത്ത ആക്രമണം നേരിടുമ്പോൾ പരസ്യമായി കടുപ്പിച്ച നിലപാടെടുക്കുന്നത് തിരിച്ചടിയാകുമെന്നതിനാൽ ഇക്കൂട്ടർക്കും പിണറായിക്ക് പ്രതിരോധം തീർക്കേണ്ടി വരുന്നു.
പ്രതിരോധം തീർക്കുമ്പോഴും, ഭരണകാലത്തെ ശൈലി, നേതൃതലത്തിലുണ്ടായ വീഴ്ചകൾ എന്നിവ യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കാം.
മുൻപ് ബിനീഷ് കോടിയേരി വിഷയത്തിൽ പാർട്ടി സ്വീകരിച്ച അകൽച്ചയും, വീണ വിജയന്റെ കാര്യത്തിൽ നൽകുന്ന പൂർണ പിന്തുണയും തമ്മിലുള്ള വൈരുധ്യം താഴെത്തട്ടിലെ പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
307 പ്രതിനിധികൾ പങ്കെടുക്കുന്ന ഈ വിശാല സംസ്ഥാന കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പാഠങ്ങളും സംഘടനാപരമായ തിരുത്തലുകളും വ്യക്തികേന്ദ്രീകൃതമാകാതെ ചർച്ച ചെയ്യാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റം പിണറായി വിജയന് പാർട്ടിയിൽ താൽക്കാലികമായി രക്തസാക്ഷി പരിവേഷവും ഐക്യവും നൽകുമെങ്കിലും, ഉത്തരം ലഭിക്കാത്ത സാമ്പത്തിക ആരോപണങ്ങളും ശൈലിമാറ്റവും യോഗത്തിൽ വലിയ തിരുത്തൽ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

