‘ലജ്ജ തോന്നണം’; ‘രാമായണ’ത്തിലെ സീതയുടെ പോരാട്ട രംഗങ്ങൾക്കെതിരെ മുകേഷ് ഖന്ന | Mukesh Khanna Ramayana criticism
നിതേഷ് തിവാരിയുടെ ‘രാമായണ’ സിനിമയിൽ സായി പല്ലവി അവതരിപ്പിക്കുന്ന സീതയുടെ കഥാപാത്രചിത്രീകരണത്തിനെതിരെ വിമർശനവുമായി നടൻ മുകേഷ് ഖന്ന. സീതയെ ആയുധങ്ങളുമായി പോരാടുന്ന കഥാപാത്രമായി അവതരിപ്പിക്കുന്നത് ഇതിഹാസത്തിന്റെ യഥാർഥ സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വാദം (Mukesh Khanna Ramayana criticism). സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വ്ലോഗിലൂടെയാണ് മുകേഷ് ഖന്ന നിലപാട് അറിയിച്ചത്. സിനിമയിൽ സീത രണ്ട് മൂന്ന് രാക്ഷസന്മാരോട് ഏറ്റുമുട്ടുകയും അവരെ ആക്രമിക്കുകയും ചവിട്ടുകയും ചെയ്യുന്ന രംഗങ്ങളുണ്ടെന്ന വിമർശനങ്ങൾ താൻ കണ്ടതായി അദ്ദേഹം പറഞ്ഞു. വാൽമീകി രാമായണത്തിൽ ഇത്തരം രംഗങ്ങളില്ലെന്നും താൻ വായിച്ചറിഞ്ഞിടത്തോളം സീത ആരുമായും യുദ്ധം ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മര്യാദാ പുരുഷോത്തമനായ രാമന്റെ പത്നിയായ സീത, ഭർത്താവിനൊപ്പം 14 വർഷത്തെ വനവാസത്തിന് പോകാൻ സ്വയം തീരുമാനിച്ച കഥാപാത്രമാണെന്ന് മുകേഷ് ഖന്ന പറഞ്ഞു. കൈകേയിക്ക് നൽകിയ വാക്ക് പാലിക്കാനാണ് രാമൻ വനവാസത്തിന് പോയത്. രാജകീയ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം കഴിയാനാണ് സീത തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ സംഭവവും അദ്ദേഹം തന്റെ വാദത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. സീത ഒരു പോരാളിയായിരുന്നെങ്കിൽ രാവണനെ നേരിടാമായിരുന്നില്ലേയെന്നും അങ്ങനെയെങ്കിൽ എങ്ങനെയാണ് രാവണൻ അവരെ കൊണ്ടുപോയതെന്നും അദ്ദേഹം ചോദിച്ചു. തലമുറകളായി ആളുകൾ കേട്ടും കണ്ടും വളർന്ന രാമായണ കഥയിൽ പുതിയ രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് വിശ്വാസങ്ങളെ ബാധിക്കുമെന്നും മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു. സീതയെ പോരാളിയായി അവതരിപ്പിക്കുന്നത് ആധുനിക സ്ത്രീകളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും അതിനെ ഫെമിനിസവുമായി ബന്ധിപ്പിക്കുന്നതിലും അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സ്ത്രീകൾ ശക്തരാണെന്നതിൽ തനിക്ക് തർക്കമില്ലെന്നും എന്നാൽ രാമായണത്തിലെ സീതയെ ആധുനിക കാലത്തെ സ്ത്രീകളുടെ പ്രതിനിധിയായി മാറ്റുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. കഥാപാത്രത്തിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർക്ക് ലജ്ജ തോന്നണമെന്നും അദ്ദേഹം വിമർശിച്ചു. നവംബർ അഞ്ചിനാണ് ‘രാമായണ’ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ സായി പല്ലവിയാണ് സീതയായി എത്തുന്നത്. രൺബീർ കപൂർ രാമനായും യാഷ് രാവണനായും വേഷമിടുന്നു.
Summary: Actor Mukesh Khanna criticised Sai Pallavi’s portrayal of Sita as a fighter in Nitesh Tiwari’s Ramayana. He argued that the depiction departs from his understanding of Valmiki’s Ramayana and questioned the film’s creative changes.
