പശ്ചിമേഷ്യയിലെ സംഘർഷം: ആളിപ്പടർന്ന് എണ്ണവില. അന്താരാഷ്ട്ര വിപണിയിൽ ബാരലിന് വീണ്ടും നൂറ് ഡോളർ

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും കുതിച്ചുയർന്ന് എണ്ണവില. അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിലെത്തി. ജൂലൈ മാസത്തിന് ശേഷം ആദ്യമായാണ് ആഗോള എണ്ണവില നൂറ് ഡോളറിലേക്കെത്തുന്നത്.
ഹോർമുസ് പ്രതിസന്ധിയുൾപ്പെടെ എണ്ണ വിതരണത്തിലുണ്ടാകുന്ന പ്രതിസന്ധികളാണ് വില വർധനവിന് കാരണം.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച തുടക്കത്തിൽ 2.3 ശതമാനം വർധിച്ച് ബാരലിന് 100 ഡോളറിലെത്തി.
യുഎസ് ക്രൂഡ് ഓയിൽ വില 1.3 ശതമാനം വർധിച്ച് ബാരലിന് 94 ഡോളറിലെത്തി. ഇറേനിയൻ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണവും സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളുമാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ ഇടയാക്കിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് സെപ്റ്റംബറിൽ വീണ്ടും എണ്ണവില കുതിച്ചുയരാൻ കാരണമായതെന്നാണ് വിലയിരുത്തലുകൾ. 2026ൽ ഇതുവരെ ബ്രെന്റ്, യുഎസ് ക്രൂഡ് ഓയിൽ വില 60 ശതമാനത്തിലേറെയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പെട്രോൾ, ഡീസൽ വിലയും കുതിക്കുകയാണ്.

